മലയാളിക്ക് ആടുതോമയെ സമ്മാനിച്ച വിഖ്യാത സംവിധായകനെ സിനിമ പ്രേമികൾ ഒരിക്കലും മറക്കില്ല. മലയാളികളുടെ ഹൃദയങ്ങളിൽ എന്നും കുടികൊള്ളുന്ന ഒരുപിടി നല്ല സിനിമകളും അവിശ്വസനീയ കഥാപാത്രങ്ങളും സമ്മാനിച്ച എ സംവിധായകന്റെ പേര് ഭദ്രൻ എന്നാണ്. ഭദ്രൻ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ചിത്രമാണ് സ്ഫടികം.
ആടുതോമയെന്ന സ്‌നേഹമുള്ള താന്തോന്നിയെയും റൈബാൻ ഗ്ലാസ്സിനെയും മനയാളികൾ നെഞ്ചിലേറ്റിയത് ഈ ചിത്രത്തിലൂടെയാണ്. 80 കളിലും 90 കളിലും മലയാള ചലച്ചിത്ര വ്യവസായത്തെ അടക്കി ഭരിച്ച ചുരുക്കം ചില ചലച്ചിത്ര നിർമ്മാതാക്കളിൽ, മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ഹീറോയിസത്തെ മഹത്വവത്ക്കരിച്ച് സ്‌ക്രീനിൽ അവതരിപ്പിച്ച ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരനായി ആണ് ഭദ്രൻ എന്ന സംവിധായകനെ വിശേഷിപ്പിക്കപ്പെടുന്നത്.
മലയാളത്തിലെ മാസ്സ് സിനിമകൾക്ക് പ്രചാരണം നൽകിയ സംവിധായകൻ എന്നുകൂടി വിശേഷിപ്പിക്കാം അദ്ദേഹത്തെ. ഭദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മാസ്സ് സിനിമയാണ് 1995 ൽ പുറത്തിറങ്ങിയ സ്ഫടികം. സാഹചര്യമനുസരിച്ച് മാറിമറിയുന്ന മനുഷ്യ സ്വഭാവത്തെയാണ് സ്ഫടികം എന്ന പേരിലൂടെ സംവിധായകൻ വെളിപ്പെടുത്തിയത്. ഇതുതന്നെയായിരുന്നു ചിത്രത്തിന്റെ പ്രമേയവും. ഈ ചിത്രത്തിലൂടെ മോഹൻ ലാൽ എന്ന അതുല്യ നടന്റെ മറ്റൊരു അഭിനയ മികവിന് സാക്ഷ്യം വഹിക്കുകയായിരുന്നു.
മോഹൻ ലാലിനെപ്പറ്റിയുള്ള സംവിധായകന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ; വാർത്തകളിൽ നിറയുന്നത്. പഴയ മോഹൻലാലിനു എന്തു സംഭവിച്ചു എന്നറിയില്ല എന്നും അതിൽ വിഷമമുണ്ടെന്നും ആണ് സംവിധായകൻ ഭദ്രൻ വെളിപ്പെടുത്തിയത് . പക്ഷേ അത് മോഹൻലാലിന്റെ കുഴപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ സിനിമ പാരഡൈസോ ക്ലബ്ബ്അവാർഡ് വേദിയിൽ വച്ചാണ് ഭദ്രൻ പഴയ ലാലിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. ചടങ്ങിൽ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നേടിയ ശ്യാം പുഷ്‌കരനെയും ഭദ്രൻ ചടങ്ങിൽ അഭിനന്ദിച്ചു. പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരൻ എന്നാണ് ഭദ്രൻ വിലയിരുത്തിയത്.
റിലീസിംഗിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് ‘സ്ഫടിക’ത്തിന്റെ ഫോർ കെ വേർഷൻ/ഡിജിറ്റൽ വേർഷൻ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് ഭദ്രൻ . കൂടാതെ , പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനത്തിലേക്ക് തിരികെ എത്തുകയും ചെയ്യുകയാണ് വിഖ്യാത സംവിധായകൻ . സൗബിൻ സാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘ജൂതൻ ആണ് അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ഭദ്രൻ ചിത്രം. ഒരു കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കനും അതേസമയം ബുദ്ധിവൈഭവവുമുള്ള ഒരു ജൂത കഥാപാത്രത്തെയാണ് സൗബിൻ ജൂതനിൽ അവതരിപ്പിക്കുന്നത്.
നിഗൂഢതകൾ ഏറെയുള്ള ഒരു ഫാമിലി ത്രില്ലർ ഹിസ്റ്റോറിക്കൽ ചിത്രമാണ് ‘ജൂതൻ’ എന്നാണ് റിപ്പോർട്ട്. സൗബിനൊപ്പം ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ റിമ കല്ലിങ്കലാണ് നായികയായെത്തുന്നത്. ഇന്ദ്രൻസ്, ജോയിമാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ലോകനാഥൻ. സുഷിൻ ശ്യാമിന്റെതാണ് സംഗീതം.