മകളുടെ വിവാഹത്തിനും വീടു പണിക്കു വേണ്ടിയാണ് ഏഴു ലക്ഷം രൂപ ലോണെടുത്തത് . അടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ് വന്നു. നിൽക്കക്കള്ളി ഇല്ലാതെ വന്നതോടെ ആകെയുള്ള ഒൻപതു സെന്റ് പണയപ്പെടുത്തി മറ്റൊരു വായ്പയെടുത്ത് ജപ്തി ഒഴിവാക്കാനുള്ള ഓട്ടത്തിലായിരുന്നു രാജൻ. നാലാമത്തെ ലോൺ എടുക്കാനായി ബാങ്കിലേക്ക് പോകുന്നതിനിടെയാണ് ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറി രാജൻ എടുക്കുന്നത്.
എന്നാൽ ഈ ലോട്ടറി തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് അപ്പോൾ അദ്ദേഹത്തിനറിയില്ലായിരുന്നു. ജപ്തിനോട്ടീസിനൊപ്പം കയ്യിലെത്തിയ ആ ലോട്ടറി ടിക്കറ്റ് ബാലനെ കോടീശ്വരനാക്കിയിരിക്കുകയാണ്. ഏഴു ലക്ഷത്തിന്റെ കടമുണ്ടായിരുന്ന രാജൻ ഇന്ന് 12 കോടിയുടെ ഉടമയാണ്. ഭാര്യയുടെ വഴക്ക് ഭയന്നാണ് രാജൻ ലോട്ടറി എടുക്കുന്നത്. ലോട്ടറി എടുത്ത് പണം വെറുതെകളയുകയാണെന്ന് ഭാര്യ എപ്പോഴും പറഞ്ഞിരുന്നെന്നും അതിനാൽ ടിക്കറ്റിന്റെ വില 300 രൂപയാണെന്ന് ആരോടും പറഞ്ഞിരുന്നില്ല എന്നുമാണ് രാജൻ പറയുന്നത്.
കണ്ണൂർ മട്ടന്നൂരിനു സമീപം മാലൂർ പുരളിമല കൈതച്ചാൽ കുറിച്യ കോളനിയിലെ പൊരുന്നൻ രാജനെയാണ് ഭാഗ്യദേവത തുണച്ചത്. ഭാര്യ രജനിയും മൂന്നു മക്കളും അടങ്ങുന്നതാണു രാജന്റെ കുടുംബം. പട്ടികജാതി വകുപ്പിൽനിന്നു ലഭിച്ച തുകകൊണ്ടു തുടങ്ങിയ വീടുപണി ഇനിയും പൂർത്തിയായിട്ടില്ല. നാലുവർഷം മുൻപാണ് മൂത്ത മകളുടെ വിവാഹത്തിന് മൂന്ന് ബാങ്കുകളിൽ നിന്നായി 7 ലക്ഷത്തോളം രൂപ വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയിട്ട് ഏറെനാളായി.
തുടർന്നാണ് ജപ്തി നോട്ടീസ് വരുന്നത്. ഈ ലോൺ അടച്ചുതീർക്കാൻ വേണ്ടിയാണ് ആകെയുള്ള ഒൻപതര സെന്റ് ഭൂമി പണയപ്പെടുത്തി മറ്റൊരു വായ്പയ്ക്കു ശ്രമിച്ചത്. അതിനു രേഖകളുമായി ഇന്നലെ കൂത്തുപറമ്പ് ബാങ്കിൽ എത്താനിരിക്കുകയായിരുന്നു. കൂത്തുപറമ്പിൽ വിറ്റ ലോട്ടറിക്കാണ് സമ്മാനം ലഭിച്ചതെന്ന് രാജൻ അറിഞ്ഞിരുന്നു. തുടർന്ന് ചൊവ്വാഴ്ചയാണ് ടിക്കറ്റുമായി അടുത്തുള്ള കടയിൽ എത്തിയപ്പോഴാണ് കേരളത്തിലെ ഭാഗ്യവാൻ താനാണെന്ന് രാജൻ അറിയുന്നത്.
വളരെ കുറച്ചു ആഗ്രഹങ്ങൾ മാത്രമാണ് ഈ കോടീശ്വരനുള്ളത്. അടച്ചുറപ്പുള്ള ഒരു വീട്ടിൽ അന്തിയുറങ്ങുക, ബാങ്കിൽ നിന്നെടുത്ത ഏഴ് ലക്ഷം രൂപ അടച്ചുതീർക്കുക. കഷ്ടപ്പെടുന്ന നിരവധി പേർ തനിക്കു ചുറ്റുമുണ്ടെന്നും അവരെ സഹായിക്കുമെന്നും രാജൻ പറഞ്ഞു.റബർ ടാപ്പിങ്ങും കൃഷിപ്പണിയുമെല്ലാം ചെയ്താണ് രാജൻ ജീവിക്കുന്നത്. സ്‌കൂൾ പഠനംപോലും പൂർത്തിയാക്കാൻ കഴിയാതെ കൂലിപ്പണിക്കു പോകാൻ തുടങ്ങിയതാണു മകൻ രിഗിൽ. ഭാര്യ രജനിയും കൂലിപ്പണിക്കു പോകും. മഴക്കാലത്തു പണിയില്ലാതാവുമ്‌ബോൾ സ്വർണം പണയപ്പെടുത്തിയും മറ്റുമാണു നിത്യച്ചെലവു നടത്തിയിരുന്നത്. മകൾ ആതിര വിവാഹിതയായി. ഇളയമകൾ അക്ഷര പ്ലസ് ടു വിദ്യാർഥിനിയാണ്.