മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തി കേരളക്കരയിൽ തരംഗമായി മുന്നേറി കൊണ്ടിരിക്കുന്ന ചിത്രം ഷൈലോക്കിലെ പുതിയ ഗാനം റിലീസ് ചെയ്തു. മാണിക്യ കിളിയേ എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്റെ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. സച്ചിൻ രാജും ആൽവിൻ എബി ജോർജും ദിവ്യ എസ് മേനോനും ക്രിസ്റ്റയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
രാജ്കിരണിന്റെയും ഹരിനാരായണന്റേയും വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. അതേ സമയം ചിത്രത്തിന് വൻവരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന് നാല് ദിനം കൊണ്ട് 400 അധികം സ്‌പെഷ്യൽ ഷോകളാണ് ഒരുക്കിയത്. ആദ്യ ദിനം 110 ന് മേൽ അധികം ഷോകളാണ് ചിത്രത്തിന് സംഘടിപ്പിച്ചത്. രണ്ടാം ദിനം 90 ൽ അധികവും മൂന്നാം ദിനം 107 ൽ അധികവും നാലാം ദിനം 115 ൽ അധികവും സ്‌പെഷ്യൽ ഷോകളാണ് സംഘടിപ്പിച്ചത്. ഈ മാസം 23- നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. ദ മണി ലെൻഡർ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പലിശക്കാരനായ ബോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. തമിഴ് താരം രാജ്കിരൺ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രം നിർമ്മിച്ചത്.