വാഷിങ്ടൺ: യുഎസിലെ ഇൻഡ്യാനയിലെ നോട്ടർഡാം സർവകലാശാല വിദ്യാര്‍ഥിയായ മലയാളിയെ ക്യാംപസിനുള്ളിലെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച മുതല്‍ കാണാതായ ആന്‍ റോസ് ജെറിയുടെ(21) മൃതദേഹമാണ് ക്യാംപസ് വളപ്പിലെ സെന്‍റ് മേരീസ് തടാകത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രാഥമികാന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ കേന്ദ്രങ്ങൾ അറിയിച്ചു.
ആൻ റോസിനെ കഴിഞ്ഞ ചൊവ്വാഴ്ച കാണാതായതിനെത്തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ക്യാംപസിലെ തടാകത്തിൽ മൃതശരീരം കണ്ടെത്തിയതെന്ന് സർവകലാശാല പ്രസിഡന്റ് റവ. ജോൺ ഐ ജെൻകിൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ആന്റോസിനെ കണ്ടെത്തുന്നതിന് റെഡ് അലെര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.
2016-ല്‍ മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്‌കൂളില്‍ നിന്നാണ് ആന്‍ റോസ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. നാഷണല്‍ മെറിറ്റ് സ്കോളര്‍ഷിപ്പ് നേടിയിട്ടുള്ള ആന്‍ റോസ് ഓടക്കുഴല്‍ വിദഗ്ധയാണ്. എറണാകുളം സ്വദേശികളാണ് മാതാപിതാക്കള്‍.