ഇന്ത്യയുടെ കീപ്പറായി മഹേന്ദ്ര സിംഗ് ധോണി തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ക്കിടയില്‍ മുറവിളി. ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിന മത്സരത്തിലും ഗ്യാലറിയില്‍ നിന്നും ധോണിയ്ക്കായി മുറവിളി ഉയര്‍ന്നു. രാഹുല്‍ കീപ്പിംഗില്‍ പിഴവുകള്‍ വരുത്തിയപ്പോഴാണ് സാദാരണ റിഷഭ് പന്ത് നേരിടാറുളള പ്രതിഷേധത്തിന് കര്‍ണാടക താരവും ഇരയായത്.
മത്സരത്തിന്റെ 24-ാം ഓവറില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കാനുള്ള അവസരം രാഹുല്‍ നഷ്ടപ്പെടുത്തിയപ്പോഴാണ് വാംഖഡെയിലെ കാണികള്‍ ധോനി… ധോനി… എന്ന് ആര്‍ത്തു വിളിച്ചത്. രവീന്ദ്ര ജഡേജയ്ക്കെതിരേ ക്രീസിനു വെളിയിലിറങ്ങി ഷോട്ടിനു ശ്രമിച്ച വാര്‍ണറുടെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് ബൗണ്ടറിയില്‍ കലാശിച്ചു.
ക്യാച്ചിനൊപ്പം സ്റ്റമ്പിംഗ് അവസരം കൂടിയാണ് രാഹുല്‍ ഇവിടെ നഷ്ടപ്പെടുത്തിയത്. പന്തിന്റെ ദിശ മനസിലാക്കാന്‍ രാഹുലിന് സംഭവിച്ച പിഴവാണ് ഇതിന് വഴിവെച്ചത്. ഇതോടെ കാണികള്‍ ഇളകുകയായിരുന്നു.നേരത്തെ സമാനമായ നിരവധി അനുഭവങ്ങള്‍ക്ക് റിഷഭ് പന്തും ഇരയായിട്ടുണ്ട്. പന്ത് വിക്കറ്റിന് പിന്നില്‍ കാണിക്കാറുളള നിരവധി പിഴവുകളാണ് അന്ന് കാണികളെ പ്രകോപിപ്പിച്ചത്.
വിന്‍ഡീസിനെതിരേ കൊച്ചിയില്‍ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തിനിടെ സഞ്ജുവിന്റെയും ധോനിയുടെയും പേരുവിളിച്ച് പന്തിനെ കളിയാക്കിയ കാണികളോട് ഒടുവില്‍ മിണ്ടാതിരിക്കാന്‍ ക്യാപ്റ്റന്‍ കോലിക്ക് തന്നെ പറയേണ്ടി വന്നിരുന്നു.
2019-ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായ ശേഷം പിന്നീടിതുവരെ ധോണി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞിട്ടില്ല. അതിനു ശേഷം ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് റിഷഭ് പന്തായിരുന്നു.