മലയാളി താരം സഞ്ജു വി സാംസൺ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ജഴ്സി അണിയുന്നത് കാണാന്ഡ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുത്തി നായകൻ വിരാട് കോഹ് ലി. വെസ്റ്റിൻഡീസിനെതിരെ ബാറ്റിംഗ് ക്രമത്തിൽ വലിയമാറ്റം ഉണ്ടാകില്ലെന്ന് കോഹ് ലി തുറന്ന് പറഞ്ഞിരിക്കുന്നത്.
ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിച്ചേക്കാമെന്ന റിപ്പോർട്ടുകളും കോഹ് ലി തള്ളി. റിഷഭ് പന്തിന്റെ കഴിവിൽ ടീമിന് വിശ്വാസമുണ്ടെന്ന് പറഞ്ഞ കോഹ്ലി ലോകകപ്പിന് മുൻപ് ടീം ഘടനയിൽ വലിയ അഴിച്ചുപണി ഉണ്ടാകില്ലെന്നും വ്യക്തമാക്കി. അതെസമയം സഞ്ജുവിനെ ഓപ്പണറായും പരിഗണിക്കണമെന്ന് ടീം മാനേജ്‌മെന്റിനോട് നിർദേശിച്ചതായി ബിസിസിഐ ജോ. സെക്രട്ടറി ജയേഷ് ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
‘കേരളത്തിനായും ടി20യിൽ രാജസ്ഥാൻ റോയൽസിനായും ഓപ്പൺ ചെയ്ത് സഞ്ജുവിന് പരിചയമുണ്ട്. ഓപ്പണിംഗ് ബാറ്റ്സ്മാനായ ശിഖർ ധവാൻ പരുക്കേറ്റ് കളിക്കാത്ത സാഹചര്യത്തിൽ സഞ്ജുവിന് ആ സ്ഥാനം നികത്താനാകും എന്നാണ് പ്രതീക്ഷ’ എന്നും ജയേഷ് ജോർജ് അഭിപ്രായപ്പെട്ടിരുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച കെഎൽ രാഹുലിനെ അവഗണിച്ച് സഞ്ജുവിനെ കോഹ്ലി പരിഗണിയ്ക്കുന്നത് കാത്തിരുന്ന് തന്നെ കാണണം. രോഹിത് ശർമ്മയ്ക്കും കെ എൽ രാഹുലിനും കളിക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രമേ സഞ്ജുവിന് ഓപ്പണിംഗിൽ അവസരം ലഭിക്കാനിടയുള്ളൂ എന്ന സൂചനയാണ് കോഹ്ലി നൽകുന്നത്.
അതെസമയം തിരുവനന്തപുരത്ത് സ്വന്തം നാട്ടുകാർക്ക് മുന്നിൽ സഞ്ജുവിനെ കോഹ്ലി ഇറക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ. നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം. ഹൈദ്രബാദിലാണ് മത്സരം നടക്കുന്നത്.