അഡ്ലൈഡ്: ഓസ്ട്രേലിയക്കായി പാകിസ്ഥാനെതിരെ ഡേവിഡ് വാർണർ ട്രിപ്പിൾ സെഞ്ച്വറി തികച്ചതോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധമുഴുവൻ അഡ്ലൈഡിലേക്ക് പതിഞ്ഞു. ക്രിക്കറ്റ് ലോകം മുഴുവൻ പിന്നീട് ഉറ്റുനോക്കിയത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ വാർണർ സ്വന്തം പേരിൽ കുറിയ്ക്കുമോയെന്നായിരുന്നുയ
എന്നാൽ മുന്നൂറ് പിന്നിട്ടയുടൻ വാർണർ അതിവേഗം ബാറ്റ് ചെയ്ത് ആ പ്രതീക്ഷ നിറവേറ്റുമെന്ന് തോന്നിയ്ക്കുയും ചെയ്തു. എന്നാൽ വാർണറുടെ വ്യക്തിഗത സ്‌കോർ 335ൽ നിൽക്കെ ഓസ്ട്രേലിയൻ ടീം ഇന്നിംഗ്സ് അപ്രതീക്ഷിതമായി ഡിക്ലയർ ചെയ്യുകയായിരുന്നു.
മൂന്ന് വിക്കറ്റിന് 589 റൺസ് എന്ന നിലയിലായിരുന്നു ആ സമയത്ത് ഓസ്ട്രേലിയ. ഇതോടെ ലാറ 2004ൽ പുറത്താകാതെ നേടിയ 400 റൺസ് എന്ന ടെസ്റ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ തകരുമെന്ന ഭീഷണിയും അകന്നു.
വെറും രണ്ടാം ദിവസത്തേയ്ക്ക് മാത്രം കടന്ന കളിയിൽ വാർണർക്ക് ചരിത്ര റെക്കോർഡ് മറികടക്കാൻ അവസരം നൽകാതെ ഡിക്ലയർ ചെയ്യാനുളള ഓസ്ട്രേലിയൻ നായകൻ ടീം പെയ്ന്റെ തീരുമാനം വരും ദിവസങ്ങളിൽ വിവാദമാകുമെന്ന് ഉറപ്പാണ്.
ക്രിക്കറ്റ് ലോകത്തെ മുഴുവൻ അമ്പരപ്പിച്ചാണ് ടീം പെയ്ൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാനുളള തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ വാർണറുടെ ട്രിപ്പിൾ സെഞ്ച്വറി ഒരു ഓസ്ട്രേലിയൻ താരത്തിന്റെ രണ്ടാമത്തെ ഉയർന്ന സ്‌കോറായി മാത്രം ഒതുങ്ങി.
380 റൺഡസ് നേടിയ മാത്യൂ ഹെയ്ഡന്റെ പേരിലാണ് ഓസീസ് താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ ഉളളത്. ടെസ്റ്റ് ക്രിക്കറ്റിൽ 334 റൺസെടുത്ത ബ്രാഡ്മാനേയും മാർക്ക് ടെയ്ലറേയും മറികടക്കാൻ ആയി എന്നതാണ് ഓസീസ് താരത്തിന്റെ ഏക ആശ്വാസം.