വാപ്പച്ചിയുടെ ഓർമ്മദിനമാണ് ഇന്ന് നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം: സങ്കടത്താൽ ഷെയിൻ നിഗം

53

ഒരുകാലത്ത് മിമിക്രി രംഗത്ത് നിറഞ്ഞുനിന്ന നടനും മിമിക്രി കലാകാരനുമായ അബി അന്തരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുകയാണ്. 2017 നവംബർ 30 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

Advertisements

രക്താർബുദത്തെതുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു അബി. വാപ്പച്ചിയുടെ ഓർമ്മദിനം പങ്കുവെച്ച് മകൻ ഷെയ്ൻ നിഗം സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇന്ന് വാപ്പിച്ചിയുടെ ഓർമ്മദിനമാണെന്നും നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്നുമാണ് ഷെയ്ന്റെ കുറിപ്പ്. ഷെയിൻ നിഗമെന്ന അതുല്യ താരത്തെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ശേഷമായിരുന്നു അബിയുടെ വിടവാങ്ങൽ.

മകനെ മികച്ച ഒരു നടൻ ആക്കണമെന്നത് അബിയുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു. എന്നാൽ ഷെയിൻ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ വലിയ താരമായി വളരുന്നത് കാണാൻ അബിയുണ്ടായില്ല. സുനിലയാണ് അബിയുടെ ഭാര്യ, ഷെയിനെ കൂടാതെ അഹാന, അലീന എന്നിങ്ങനെ രണ്ട് മക്കൾ കൂടി അബിയ്ക്കുണ്ട്.

മലയാളത്തിൽ മിമിക്രി കാസെറ്റുകൾക്ക് സ്വീകാര്യത നൽകിയ അബി അൻപതോളം മലയാള സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നാൽ അബി അർഹിക്കുന്ന ഒരിടം അദ്ദേഹത്തിന് മലയാളി സിനിമയിൽ ലഭിച്ചിരുന്നില്ല. തനിക്ക് ലഭിക്കാത്ത അവസരങ്ങൾ മകന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അബി ഒരിക്കൽ പറഞ്ഞിരുന്നു. നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെ മലയാളസിനിമാ രംഗത്ത് തുടക്കം കുറിച്ച അബി ആമിനത്താത്ത എന്ന കഥാപാത്രത്തിലൂടെയായിരുന്നു മലയാളികളുടെ മനസിൽ ഇടംനേടിയത്.

കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും ആർട്ടിസ്റ്റായി പ്രവർത്തിച്ച അബി മഴവിൽക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാർ, മിമിക്സ് ആക്ഷൻ 500, അനിയത്തിപ്രാവ്, രസികൻ ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. അബിയുടെ ഓർമ്മദിനമായ ഇന്ന് ഷെയ്ൻ നിഗം നിരവധി വിവാദങ്ങളുടെ പിടിയിലാണ്. ഷെയിനെ മലയാള സിനിമയിൽ നിന്ന് വിലക്കിയതടക്കം നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ നിർമാതാക്കളുടെ സംഘടന ഉയർത്തിയത്.

അതേസമയം, ഷെയ്ൻ നിഗത്തെ വിലക്കാൻ ആർക്കും അധികാരമില്ലെന്ന് അഭിനേതാക്കളുടെ സംഘടന അമ്മ പ്രതികരിച്ചിരുന്നു. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്നായിരുന്നു അമ്മയുടെ പ്രതികരണം.

Advertisement