ഫുഡ്‌ഫോൾ പശ്ചാത്തലത്തിൽ എത്തിയ പുതിയ ചിത്രം ‘ബിഗിൽ’ സൂപ്പർ ഡ്യൂപ്പർ ഹിറ്റായതിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി തമിഴകത്തിന്റെ ദളപതി വിജയിയെ തേടി എഏത്തിയിരിക്കുകയാണ്. കന്യാകുമാരിയിലെ വാക്സ് മ്യൂസിയത്തിൽ വിജയിയ്ക്കായി മെഴുക് പ്രതിമ ഒരുങ്ങിയിരിക്കുകയാണ്.
കന്യാകുമാരിയിലെ മായാപുരി വാക്സ് മ്യൂസിയത്തിലാണ് താരത്തിന്റെ തനിപ്പകർപ്പായ മെഴുക് പ്രതിമ ഉയർന്നിരിക്കുന്നത്. നിരവധി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാകാറുള്ള വിജയിയുടെ മക്കൾ മൻഡ്രമാണ് ഈ ആശയത്തിനു പിന്നിൽ.
വെള്ളിയാഴ്ച പ്രതിമ അനാച്ഛാദനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. വിജയിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘തെരി’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സമാനമായാണ് മെഴുക് പ്രതിമ.നിരവധി ആരാധകരാണ് ഉദ്ഘാടന ചടങ്ങിൽ എത്തിയത്.
മെഴുക് പ്രതിമക്കൊപ്പം ഫോട്ടോ എടുക്കാനായി ആരാധകരുടെ തിരക്കാണ്. അമിതാഭ് ബച്ചൻ, ഒബാമ, മദർ തെരേസ, ചാർലി ചാപ്ലിൻ, ജാക്കി ചാൻ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ മെഴുക് പ്രതിമകൾ ഇവിടെയുണ്ട്. എന്നാൽ ഈ ബഹുമതി ലഭിക്കുന്ന ഒരേയൊരു തമിഴ് നടൻ വിജയ് മാത്രമാണെന്ന് മ്യൂസിയം ഉദ്യോഗസ്ഥർ പറയുന്നു.