ഉറ്റ സുഹൃത്തായ ദിലീപിനെ നായകനാക്കി നാദിർഷാ സിനിമ ചെയ്യുന്നത് എന്നാണ് എന്ന ചോദ്യത്തിന് ഉത്തരമായി. മലയാള സിനിമാ പ്രേമികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ദിലീപ് നാദിർഷ കൂട്ടുകെട്ടിൽ ഒരു സിനിമ.
നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ദിലീപ് നായകനാകുന്നത്. കേശു ഈ വീടിന്റെ നാഥൻ എന്ന് പേരിട്ട പുതിയ സിനിമയുടെ സ്വിച്ച് ഓൺ കർമ്മം ഡിസംബർ 5 ന് രാവിലെ 9 മണിക്ക് ലാൽ മീഡിയ സ്റ്റുഡിയോയിൽ വച്ച് നടക്കും.
തികച്ചും ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത ഫാമിലി എന്റർടൈനർ ആയിരിക്കുമെന്ന് സംവിധായകൻ നാദിർഷ പറഞ്ഞു. കൊച്ചി, പഴനി, മധുര, രാമേശ്വരം, കാശി എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. മാർച്ച് അവസാനത്തോടെ സിനിമ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നാദിർഷ തന്നെയാണ്. സജീവ് പാഴൂർ തിരക്കഥയെഴുതിയ ‘കേശു ഈ വീടിൻറെ നാഥനിൽ’ ദിലീപിനൊപ്പം ഉർവശി, സിദ്ധിഖ്, അനുശ്രീ, സലിംകുമാർ, കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, സാദിഖ്, ഗണപതി, കോട്ടയം നസീർ, ബിനു അടിമാലി, ശ്രീജിത്ത് രവി, ഏലൂർ ജോർജ്, പ്രജോദ് കലാഭവൻ, അരുൺ പുനലൂർ, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജുൻ, ഹുസ്സൈൻ ഏലൂർ, വൈഷ്ണവി, സ്വാസിക, മഞ്ജു മറിമായം, സീമ ജി നായർ, വത്സലാമേനോൻ തുടങ്ങിയവരാണ് സഹതാരങ്ങൾ.
കാമറ അനിൽ നായർ, ബാക്ക്ഗ്രൗണ്ട് സ്‌കോർ ബിജിപാൽ, എഡിറ്റിംഗ് സാജൻ, വസ്ത്രാലങ്കാരം സഖി, ആർട്ട് ജോസഫ് നെല്ലിക്കൽ, ചീഫ് അസ്സോസിയേറ്റ് ഹരീഷ്, പ്രൊഡക്ഷൻ കൺട്രോളർ റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ എക്ക്‌സിക്യൂട്ടീവ് രഞ്ജിത്ത്, മെയ്ക്കപ്പ് റോഷൻ ശങ്കർ, പി.ആർ.ഒ ദിനേശ് എന്നിവരാണ് അണിയറയിൽ.