സോഷ്യൽ മീഡിയയിലൂടെ പലരും തന്നോട് മോശമായി പെരുമാറിയിണ്ടുണ്ടെന്ന് നടി സാധിക വേണുഗോപാൽ. മലയാളികൾ കപടസദാചാരക്കാരാണെന്നും താരം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പലവട്ടം ആളുകൾ അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും ഇൻബോക്സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ടെന്നും വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ടെന്നും സാധിക പറഞ്ഞു.
‘കാശുണ്ടാക്കാൻ എന്തും ചെയ്യും, കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. നിങ്ങൾ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവർ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുമുണ്ടെന്നും സാധിക പറഞ്ഞു.
‘മലയാളികൾക്ക് എല്ലാം കാണാനും കേൾക്കാനും ഇഷ്ടമാണ്. എല്ലാം വേണം എന്നാൽ ബാക്കിയുള്ളവർ ഒന്നും അറിയരുത്. ഇങ്ങനെയുള്ള കപടസദാചാരക്കാരാണ് മലയാളികൾ.’, സാധിക പറഞ്ഞു.
ജോലിയുടെ ഭാഗമായി പല തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമെന്നും അതിന്റെ പേരിൽ ആർക്കും തന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ലെന്നും താരം വ്യക്തമാക്കി. മറച്ചു വയ്ക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ആളുകളുടെ കമന്റുകൾക്ക് പിന്നിലെന്നും സാധിക പറഞ്ഞു.
‘മറച്ചു വെക്കുന്നിടത്തോളം ആളുകൾക്ക് ഉള്ളിൽ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ കലയായി കണ്ടാൽ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ല.’, സാധിക വ്യക്തമാക്കി.