രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത നടൻ സുരേഷ് ഗോപി വീണ്ടും സിനിമയിൽ സജീവമാവുകയാണ്. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളാണ് സുരേഷ് ഗോപിക്കുള്ളത്. അതിനൊപ്പം ഹിറ്റ് ടെലിവിഷൻ പരിപാടിയായ നിങ്ങൾക്കുമാകാം കോടീശ്വരനുമുണ്ട്. ഈ ഷോ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇത്തവണയും സുരേഷ് ഗോപി തന്നെയാണ് അവതാരകനായിട്ടെത്തുന്നത്.
ഈ പരിപാടിയുടെ ഭാഗമാവുമെന്ന് താൻ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ലെന്ന് പറയുകയാണ് താരമിപ്പോൾ. അന്നും തനിക്ക് പിന്തുണ നൽകി കൂടെ ഉണ്ടായിരുന്നത് ഭാര്യ രാധിക ആണെന്നും ഭാര്യ നടത്തിയ പ്രവചനം സത്യമാവുകയായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
“അമിതാഭ് ജി ചെയ്ത കോൻ ബനേഗ കോർ പതി പ്രോഗ്രാം അന്ന് വലിയ ഹിറ്റാണ്. ആ സമയത്ത് രാധിക പറഞ്ഞു, ചേട്ടാ ഈ പരിപാടി മലയാളത്തിൽ ചെയ്യുകയാണെങ്കിൽ അത് ചേട്ടനായിരിക്കുമെന്ന്. അതെനിക്കൊരു വെളിപാടുപോലെ തോന്നുന്നു. പക്ഷേ എന്റെ ആദ്യ പ്രതികരണം ഈ ജന്മത്തിൽ ഇത് പറ്റില്ലെന്നായിരുന്നു’.
“ഈ പരിപാടി ഞാനാണ് ചെയ്യുന്നതെന്ന് പ്രചരണം വന്നപ്പോൾ ഇയാളെ കൊണ്ടിത് ചെയ്യാൻ പറ്റില്ലെന്ന അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളിൽ വന്നത്. അതൊരു വാശിയായി എടുത്തു. ഇതൊരു വലിയ ഉത്തരവാദിത്വമായിരുന്നു. ബഹുമാന്യനായ അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്പോൾ ഞാനും രാധികയും ആവേശത്തോടെ ഈ പരിപാടി കാണുമായിരുന്നു. രാധിക അന്ന് പറഞ്ഞ വാചകം എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു. 2011 ആദ്യമാണ് ഈ പരിപാടി എന്റെ അരികിൽ വരുന്നത്. ആദ്യമേ പറഞ്ഞു, എനിക്ക് ഇത് പറ്റില്ല. അമിതാഭ് ജിയുടെ മുഖം പ്രേക്ഷകരിൽ പതിഞ്ഞ് കഴിഞ്ഞിരുന്നു. അങ്ങനെ കുറേ കാലമെടുത്ത് എന്റെ തീരുമാനത്തിൽ മാറ്റമുണ്ടായി ‘- സുരേഷ് ഗോപി പറഞ്ഞു.