തമിഴ് സൂപ്പർ താരം ദളപതി വിജയ് മലയാളികളുടേയും ഇഷ്ട താരമാണ്. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾക്ക് കിട്ടുന്ന അതേ ആവേശവും സ്വീകരണവും വിജയ് ചിത്രങ്ങൾക്കും കേരളത്തിൽ ലഭിക്കാറുണ്ട്. വിജയ് അഭിനയിച്ച ‘കത്തി’ എന്ന ചിത്രത്തിലെ ഒരു ഗാനം ഒരു എട്ട് വയസുകാരന്റെ ജീവിതം തിരിച്ചു പിടിക്കാനുള്ള പ്രചോദനമായെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
വിജയ് എന്ന താരത്തോടുള്ള ഇഷ്ടം കൊണ്ടാണ് ബാലൻ തന്റെ ജീവിതം തന്നെ തിരിച്ചുപിടിച്ചിരിക്കുന്നത്. ജന്മനാ ചലന ശേഷിയും സംസാര ശേഷിയും ഇല്ലാതിരുന്ന തമിഴ്നാട് കമ്പം ഉത്തമപാളയം സ്വദേശിയായ സെബാസ്റ്റ്യനാണ് വിജയ്‌യോടുള്ള ഇഷ്ടം കൂടി എഴുന്നേറ്റ് നടക്കുന്നത്. കുട്ടി ജീവിതത്തിലേക്കു തിരികെ എത്തിയത് വിജയിയുടെ ‘സെൽഫിപ്പുള്ളേ’ എന്ന പാട്ടു കേട്ടാണ്. ‘കത്തി’ എന്ന ചിത്രത്തിൽ വിജയിയും സുനിധി ചൗഹാനുമാണ് ഈ പാട്ടു പാടിയത്.
സെബാസ്റ്റ്യനെ ഒന്നര വർഷം മുൻപാണ് മാതാപിതാക്കളായ ജയകുമാറും ഭാനുവും തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ വിജയ് സ്‌നേഹം കണ്ട് ഡോ. സതീഷ് വാരിയരുടെ ചികിത്സയും ഈ വഴിക്കായി. വിജയ്യുടെ അടുത്തു കൊണ്ടുപോകാമെന്നു പറഞ്ഞിട്ടായിരുന്നു ചികിത്സയും ഫിസിയോ തെറാപ്പിയും. ഒരു വർഷം പിന്നിടുമ്‌ബോൾ സെബാസ്റ്റ്യൻ കൈകളിൽ പിടിച്ചാൽ നടക്കാനും തനിയെ പിടിച്ചു നിൽക്കാനും തുടങ്ങി. നടുവിനു ബലം വരാനുള്ള ചികിത്സകളാണ് ഇപ്പോൾ നടക്കുന്നത്.