129 പന്ത്, 212 റൺ, 10 സിക്സർ, 21 ബൗണ്ടറി; സഞ്ജു ഹീറോ ആണ് ഹീറോ

20

ബംഗളൂരു: ആഭ്യന്തര ഏകദിന ക്രിക്കറ്റിലെ കന്നിസെഞ്ചുറി ഇരട്ടനേട്ടമാക്കി ആഘോഷിച്ചു സഞ്ജു സാംസൺ. ഗോവയ്ക്കെതിരെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം. 87-ാം മത്സരത്തിലാണ് സഞ്ജുവിന്റെ കന്നിസെഞ്ചുറി. അതും 164.34 പ്രഹരശേഷിയിൽ. ട്വന്റി-20 ക്രിക്കറ്റിനെ വെല്ലുംവിധമായിരുന്നു ബാറ്റ് വീശിയത്. കൂട്ടുകാരൻ സച്ചിൻ ബേബിയുമായി ചേർന്ന് ഗോവൻ ബൗളർമാരെ നിലംപരിശാക്കി. 10 സിക്സറും 21 ബൗണ്ടറികളുമായിരുന്നു ഇന്നിങ്സിൽ. വിജയ് ഹസാരെ ട്രോഫിയിലെ ഉയർന്ന സ്‌കോറാണിത്.

കളിയിൽ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 377 റണ്ണാണ് നേടിയത്. മറുപടിക്കെത്തിയ ഗോവ 31 ഓവറിൽ 153 റണ്ണെടുത്തുനിൽക്കെ മഴവന്നു. മഴ നിയമപ്രകാരം 104 റണ്ണിന് കേരളം ജയിച്ചു.
തകർച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. ഓപ്പണറായെത്തിയ റോബിൻ ഉത്തപ്പ (10) ഫീൽഡറെ തടസ്സപ്പെടുത്തിയതിന് പുറത്തായി. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരൻ വിഷ്ണു വിനോദ് (7) പെട്ടന്ന് മടങ്ങി.

Advertisements

രണ്ടിന് 31 നിലയിൽനിന്നാണ് സഞ്ജുവും സച്ചിൻ ബേബിയും ഒന്നിക്കുന്നത്. ഗോവൻ ബൗളർമാർ എറിഞ്ഞുതളരുകയായിരുന്നു പിന്നീട്. സഞ്ജു അതിവേഗം റണ്ണടിച്ചപ്പോൾ സച്ചിൻ ഉറച്ച പിന്തുണ നൽകി. 16.3 ഓവറിൽ കേരളം 150 കടന്നു. 32-ാം ഓവറിൽ 250. ഇതിനിടെ 66 പന്തിൽ സഞ്ജു സെഞ്ചുറി പൂർത്തിയാക്കി. അവസാന ഓവറുകളിൽ സച്ചിനും വേഗത കൂട്ടി. 122 പന്തിലായിരുന്നു സെഞ്ചുറി.
49ാം ഓവറിൽ സഞ്ജു ഇരട്ടസെഞ്ചുറി കുറിച്ചു. 125 പന്തിലായിരുന്നു നേട്ടം. മൂന്നാം വിക്കറ്റിൽ 338 റൺ ഇതിനകം സഞ്ജുവും സച്ചിനും ചേർത്തിരുന്നു. 135 പന്തിൽ 127 റണ്ണെടുത്ത സച്ചിൻ അവസാന ഓവറിലാണ് പുറത്തായത്. മറുപടിക്കെത്തിയ ഗോവ ലക്ഷ്യത്തിന് ഏറെ അകലെയായിരുന്നു. മഴകാരണം 31 ഓവറിൽ കളി അവസാനിപ്പിച്ചു. 225 റൺ അകലെയായിരുന്നു ഗോവ അപ്പോൾ. കഴിഞ്ഞ കളിയിൽ ഛത്തീസ്ഗഢിനെ തോൽപ്പിച്ച കേരളം നാളെ മുംബൈയെ നേരിടും.

Advertisement