ആഡംബര കാറുകൾ പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ച കേസിൽ നിന്ന് സിനിമാ താരങ്ങളായ ഫഹദ് ഫാസിലിനേയും അമലാ പോളിനേയും ഒഴിവാക്കി. ഇരുവർക്കുമെതിരെ നടപടി എടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ കേസ് തുടരും.
സുരേഷ് ഗോപിക്കെതിരെ വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാ കുറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഫഹദ് ഫാസിൽ പിഴയടച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചു. പുതുച്ചേരിയിൽ വാങ്ങിയ വാഹനം കേരളത്തിൽ എത്തിച്ചിട്ടില്ലാത്തതിനാൽ അമല പോളിനെതിരെ നടപടി എടുക്കേണ്ടത് പുതുച്ചേരി ഗതാഗത വകുപ്പാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അമലാ പോളിന്റേത് വ്യാജ രേഖ ഉപയോഗിച്ചുള്ള രജിസ്ട്രേഷനാണെന്ന് കണ്ടെത്തിയെങ്കിലും ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാൽ കേസ് നിലനിൽക്കില്ലെന്നാണ് നിഗമനം. രജിസ്ട്രേഷൻ തട്ടിപ്പിൽ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.