ദുരിതാശ്വാസ ഫണ്ടിലേക്ക് താരസംഘടനയായ അമ്മ അഞ്ച് കോടി 90 ലക്ഷം രൂപ നൽകിയെന്നും എന്നാൽ ആ പണം എന്തു ചെയ്തെന്ന് തിരക്കിയപ്പോൾ കിട്ടിയ മറുപടി ഒട്ടും തൃപ്തികരമായിരുന്നില്ലെന്നും വെളിപ്പെടുത്തി നടൻ ടിനി ടോം. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
കണക്ക് പറഞ്ഞതല്ലെന്നും തന്റെ നിലപാടിനെതിരേ പലരും പല രീതിയിലാണ് പ്രതികരിച്ചതെന്നും താരം വ്യക്തമാക്കി. തന്റെ അമ്മയെ വരെ തെറിപറയുന്ന സാഹചര്യം ഉണ്ടായി എന്നും അദ്ദേഹം പറയുന്നു. വയനാട്ടിലെ പ്രളയബാധിത സ്ഥലത്തേയ്ക്ക് സാധനങ്ങൾ കയറ്റി അയക്കുന്ന കലക്ഷൻ സെന്ററിൽ നിന്നുമായിരുന്നു ടിനി ടോമിന്റെ ഫേസ്ബുക്ക് ലൈവ്. അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് തരും.
അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ആരുടേയും മനസ് വിഷമിപ്പിക്കാൻ ആഗ്രഹിക്കാത്ത ആളാണ് ഞാൻ. നമ്മൾ ആരുടേയും മനസ് വിഷമിപ്പിച്ചാൽ നമ്മളും വിഷമിക്കേണ്ടി വരും. കണക്കു പറഞ്ഞതല്ല, പ്രളയം അനുഭവിച്ച ആളാണ് ഞാൻ. വീടില്ലാത്തവർക്ക് വീട് ലഭിക്കണം. പല രീതിയിൽ ആളുകൾ എനിക്കെതിരെ പ്രതികരിച്ചു. എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ എന്തു തെറ്റ് ചെയ്തു. എന്റെ പ്രവർത്തനം ഇനിയും തുടരും.’ടിനി ടോം പറഞ്ഞു.
കേരളത്തിൽ ദുരന്തം വിതച്ച പ്രളയത്തിൽ സഹായ ഹസ്തവുമായി സിനിമാലോകം ഒന്നടങ്കം മുമ്പോട്ടു വന്നിരുന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെ സ്വന്തം കാറിൽ സഞ്ചരിച്ചു പ്രളയബാധിതർക്കായി സാമഗ്രികൾ സ്വരൂപിച്ച് ടിനി ടോമും ഇതിൽ മാതൃകയായിരുന്നു. തിരുവനന്തപുരം പട്ടത്ത് നിന്ന് ശശി തരൂർ എംപി തുടക്കം കുറിച്ച ടിനിയുടെ യാത്ര രാത്രി എറണാകുളത്തെത്തിയപ്പോൾ സ്വന്തം എസ് യുവി നിറഞ്ഞതിനാൽ മറ്റ് രണ്ട് മിനി ലോറികൾ കൂടി പിടിച്ചാണ് സാമഗ്രികൾ കലക്ഷൻ സെന്ററിൽ എത്തിച്ചത്.
ദുരിതാശ്വാസ യജ്ഞത്തിനിറങ്ങുന്ന കാര്യം ഫേസ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചാണ് ടിനി യാത്ര തുടങ്ങിയത്. കഴിഞ്ഞ പ്രളയത്തിൽ ദുരിതം അനുഭവിച്ചവർക്ക് വേഗത്തിൽ സഹായം ലഭിച്ചില്ലെന്ന നടൻ ധർമജന്റെ പ്രതികരണം വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. ഇതേത്തുടർന്ന് ചിലർ ധർമജനെതിരേ കടുത്ത സൈബർ ആക്രമണം അഴിച്ചു വിട്ടിരുന്നു. ധർമജനെ അനുകൂലിച്ച് രംഗത്തുവന്ന ടിനു ടോമിനു നേരെയും വ്യാപകമായ സൈബർ അറ്റാക്കാണ് ഉണ്ടായത്.