മറ്റൊരു പ്രളയ ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ആഘോഷങ്ങൾ മാറ്റിവെച്ച് ജനങ്ങൾക്കൊപ്പം ഇറങ്ങി പ്രവർത്തിക്കുകയാണ് മലയാള സിനിമാ താരങ്ങളും പ്രവർത്തകരും.
ഇതിന്റെ ഭാഗമായി നാളെ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് മാറ്റി. സിനിമയുടെ പുതുക്കിയ റിലീസ് തിയതി പിന്നീട് അറിയിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിൽ നായകനായെത്തുന്ന ജോജു അടക്കമുള്ളവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്.
ടൈറ്റിൽ കഥാപാത്രങ്ങളായി ജോജു ജോർജ്ജ് (കാട്ടാളൻ പൊറിഞ്ചു), നൈല ഉഷ (മറിയം), ചെമ്പൻ വിനോദ് (ജോസ്) എന്നിവർ അണിനിരക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. എൺപതുകളുടെ പശ്ചാത്തലത്തിലാണ് സിനിമ കഥപറയുന്നത്.
കൊടുങ്ങല്ലൂരിലും തൃശൂരിലുമായാണ് സിനിമ ചിത്രീകരിച്ചത്. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണിത്. 2015-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ലൈല ഓ ലൈലയാണ് ജോഷി അവസാനം സംവിധാനം ചെയ്തത്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്ന് നിർമ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ദ് വി ക്രീയേഷന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്.