തന്റെ പുതിയ ചിത്രമായ ബിഗിലിന്റെ ചിത്രീകരണം കഴിഞ്ഞപ്പോൾ ചിത്രത്തിൽ പ്രവർത്തിച്ചവർക്ക് വിജയ് നൽകിയ സമ്മാനമാണിപ്പോൾ സിനിമാരംഗത്തേയും സോഷ്യൽ മീഡിയയിലേയും ചർച്ച. ചിത്രത്തിൽ പ്രവർത്തിച്ച ഏതാണ്ട് 400 പേർക്ക് വിജയ് നൽകിയ സമ്മാനം ബിഗിൾ എന്ന് പേരെഴുതിയ സ്വർണ്ണ മോതിരമാണ് വിജയ് സമ്മാനിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഈ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. വാർത്ത ശരിയാണെന്ന് ചിത്രത്തിന്റെ നിർമ്മാണ കമ്പനി പ്രതിനിധി അറിയിച്ചു. എല്ലാ ദിവസവും ഏതാണ്ട് 400ഓളം പേരാണ് ബിഗിളിൽ ജോലി ചെയ്തിരുന്നത്. ഓരോ ജോലിയെയും ഓരോ വ്യക്തിയുടെ സംഭാവനയെയും വിജയ് ഒരേ പോലെ വിലമതിക്കുന്നുവെന്ന് അർച്ചന കലാപതി പറഞ്ഞു.
ആറ്റിലിയും വിജയിയും തെരി, മെർസൽ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ബിഗിൽ. സംഗീത സംവിധാനം എആർറഹ്മാനാണ്. വിവേക് ആണ് ഗാനരചയിതാവ്. നയൻതാര നായികയാവുന്ന ചിത്രം ഒരു ഫുട്ബോൾ കോച്ചിന്റെ കഥയാണ് പറയുന്നത്. വിവേക്, കതിർ, യോഗി ബാബു, റോബോ ശങ്കർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
വിജയ് രണ്ടു ഗെറ്റപ്പിലെത്തുന്ന ചിത്രമായിരിക്കും ബിഗിൽ. ഫസ്റ്റ്ലുക്ക് പോസ്റ്ററിലും വിജയിയെ രണ്ട് ഗെറ്റപ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കെജി വിഷ്ണുവാണ് ഛായാഗ്രഹണം. എജിഎസ് എന്റർടെയ്മെന്റാണ് നിർമ്മാണം. ദീപാവലിക്കായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. ഫുഡ്‌ബോൾ കേരളത്തിന്റെ കറുത്തമുത്ത് ഐഎം വിജയനും ഈ ചിത്രത്തിൽ ശക്തമായ ഒരു വേഷം ചെയ്യുന്നുണ്ട്.