പതിവുപോലെ ഒരു പുതപ്പിന് കീഴിൽ കെട്ടിപ്പിടിച്ച് ഉറങ്ങവെ മണ്ണിടിച്ചിൽ ജീവനെടുത്തു; അവസാന യാത്രയിലും ഒരുമിച്ച് സഹോദരിമാരായ അലീനയും അനഘയും, തീരാ നൊമ്പരം

23

നിലമ്പൂർ: കവളപ്പാറയിൽ ഉരുൾ പൊട്ടലിൽ നൊമ്പരമായി അനഘയും അലീനയും. പതിവുപോലെ ഒരുമിച്ച് ഒരു കട്ടിലിൽ കുഞ്ഞുസ്വപ്നങ്ങൾ കണ്ട് കിടന്ന് ഉറങ്ങുമ്പോഴാണ് സഹോദരിമാരായ അനഘയേയും അലീനയേയും മണ്ണിടിച്ചിലിന്റെ രൂപത്തിൽ മരണം വിളിച്ചുകൊണ്ടു പോയത്.

സഹോദരപുത്രിമാരായിരുന്നു അവർ. കവളപ്പാറയിൽ നോവുന്ന ഓർമ്മയായി മാറിയ അനേകംപേരിൽ ഉൾപ്പെടുകയായിരുന്നു അനഘയും അലീനയും. ഒടുവിൽ അന്ത്യയാത്രയിലും അവർ ഒരുമിച്ചു. അപകടം നടന്നയുടനെ അനഘയെ വലിച്ചുകയറ്റി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും തകർന്ന കോൺക്രീറ്റ് സ്ലാബുകളുടെ പ്രഹരത്തിൽ ആ കുഞ്ഞു ജീവന് അധികം പിടിച്ചു നിൽക്കാനായില്ല.

Advertisements

പിന്നെയും രണ്ട് ദിവസത്തിനു ശേഷം രക്ഷാപ്രവർത്തകർ മണ്ണുനീക്കി കണ്ടെടുക്കുമ്‌ബോൾ നിലത്ത് ഇരുന്നുപോയ കട്ടിലിൽ കിടന്നുറങ്ങുന്ന നിലയിലായിരുന്നു 7 വയസ്സുകാരി അലീനയുടെ മൃതദേഹം. അഞ്ചടിയോളം മണ്ണു നിറഞ്ഞ മുറിക്കുള്ളിലെ, തകർന്ന കട്ടിലിൽ തനിച്ച് കിടക്കുന്ന അലീനയെ കണ്ട് പിതാവ് വിക്ടർ വാവിട്ടു കരഞ്ഞു.

വീടിന്റെ മേൽക്കൂരയിലെ സ്ലാബ് തകർത്ത് കൈകൊണ്ടു മണ്ണുനീക്കിയാണ് രക്ഷാപ്രവർത്തകർ അലീനയുടെ ശരീരം പുറത്തെടുത്തത്. മീറ്ററുകൾ ഉയരത്തിൽ മണ്ണിടിഞ്ഞ് വീണ് തകർന്ന വീട്ടിൽ നിന്നും ബന്ധുക്കളായ ആറുപേരേയും രക്ഷപ്പെടുത്തിയിരുന്നു.

എന്നാൽ അപകടത്തിൽ ഈ രണ്ട് കുഞ്ഞുങ്ങളുടെ ജീവനെ രക്ഷിച്ചെടുക്കാനായിരുന്നില്ല. വീട് നിന്നിരുന്ന സ്ഥലം പോലും തിരിച്ചറിയാനാകാത്ത വിധത്തിൽ കാല് പുതഞ്ഞുപോകുന്ന രീതിയിൽ മണ്ണുമൂടിയതോടെ രക്ഷാപ്രവർത്തകർക്കും ഇവിടേക്ക് അടുക്കാനായില്ല. ആരേയും കാത്തുനിൽക്കാതെ അലീനയ്ക്കായി തോരാത്ത കണ്ണീർ അടക്കി പിതാവ് വിക്ടർ തനിച്ച് തന്നാലാകും വിധം മണ്ണ് നീക്കി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത് കണ്ട് നിന്നവരുടെയും ഹൃദയം തകർക്കുന്ന കാഴ്ചയായി.

രക്ഷാപ്രവർത്തകർക്ക് ശ്രമിച്ചിട്ടും കയറാൻ കഴിയാതിരുന്ന പ്രദേശത്തേക്ക് വിക്ടർ പിടിച്ച് കയറി. ഒറ്റയ്ക്ക് വീടിന് മുകളിലെ മണ്ണ് നീക്കി. കോൺക്രീറ്റ് സ്ലാബ് അവനവന് പറ്റുന്ന രീതിയിൽ പൊളിച്ചു നീക്കാൻ നോക്കി. ഇത് കണ്ടുനിൽക്കാനാകാതെ രക്ഷാപ്രവർത്തകരും സഹായഹസ്തവുമായി മലകയറാൻ ശ്രമിച്ചെങ്കിലും വീണ്ടും മണ്ണിടിച്ചിലുണ്ടായത് അവരേയും പിന്മാറ്റി. ഒടുവിൽ മഴ ശക്തി കുറച്ച് കനിവ് കാണിച്ചപ്പോൾ രക്ഷാപ്രവർത്തകരും പിന്നാലെ കയറി.

എല്ലാവരും ചേർന്ന് വീടിനകത്ത് നിന്ന് ഒടുവിൽ കുഞ്ഞ് അലീനയെ നെഞ്ചോട് ചേർത്ത് പുറത്തേക്ക് എടുത്തു. ഒടുവിൽ ഒരുമിച്ച് യാത്രയായ രണ്ട് കുഞ്ഞുങ്ങളെയും ഒരുമിച്ച് അടക്കാൻ വിക്ടറും സഹോദരനും തീരുമാനിച്ചു. ഒന്നിച്ചുറങ്ങിയ കുഞ്ഞുങ്ങൾ ഒരുമിച്ച് തന്നെ എന്നന്നേക്കുമായി ഉറങ്ങട്ടെ.

Advertisement