കലിതുള്ളി പെയ്യുന്ന പേമാരിയിൽ പെട്ട് വെള്ളത്തിലേക്ക് താണുപോവുംമുമ്പ് മനുഷ്യരെ ജീവിതത്തിലേക്ക് പിടിച്ചുയർത്താൻ കൈനീട്ടി അവരെത്തി, കടലിന്റെ മക്കൾ. പ്രളയത്തിൽ മുങ്ങിയ ജില്ലയെ കരകയറ്റാൻ നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും ഒപ്പം നാടിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികൾ ഇക്കുറിയുമുണ്ട്.
കോഴിക്കോട് ജില്ലയിൽ മാത്രം 170 മത്സ്യത്തൊഴിലാളികൾ 30 വള്ളങ്ങളിലായി രക്ഷാപ്രവർത്തനം നടത്തുന്നു. ശനിയാഴ്ച മാറാട് ബീച്ചിൽനിന്നുള്ള രണ്ട് വള്ളങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. നസാത്ത് സഫീനത്ത്, ബദർ എന്നീ രണ്ട് യന്ത്രവൽകൃത ബോട്ടുകളിലായി 14പേരാണ് പ്രതികൂല സാഹചര്യങ്ങളെ നീന്തിക്കടന്ന് രക്ഷകരായത്.
വേങ്ങേരിക്കടുത്ത് തണ്ണീർപന്തലിലും സംഘം നിരവധിപേരെ രക്ഷിച്ചു. കഴിഞ്ഞ തവണയുണ്ടായ പ്രളയത്തിൽ മത്സ്യത്തൊഴിലാളികളുടെ മികവാർന്ന പ്രയത്‌നത്തിൽ നിരവധി ജീവൻ രക്ഷിച്ചിരുന്നു. ഇതിനാൽ കലക്ടർ സാംബശിവറാവുവിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് കടലിന്റെ മക്കൾ മനക്കരുത്തും കൈക്കരുത്തുമായി പ്രളയത്തെ തോൽപ്പിക്കാൻ രംഗത്തിറങ്ങിയത്.
ഫിറോസ് നൗഷാദ്, സാജിർ ഹാസിഫ് എന്നിങ്ങനെ പതിനാല് പേരാണ് വിവിധ സ്ഥലങ്ങളിൽ രക്ഷാസേവനത്തിനിറങ്ങിയത്. കഴിഞ്ഞ ദിവസം താമരശേരി, കുന്നമംഗലം, മാവൂർ ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനുണ്ടായി.