രവി വള്ളത്തോൾ മലയാള സിനിമയിലെ സ്വഭാവ നടന്മാരിൽ എന്നും മുന്നിൽ തന്നെയാണ്. കോട്ടയം കുഞ്ഞച്ചൻ, സാഗരം സാക്ഷി, നീ വരുവോളം, ഗോഡ് ഫാദർ തുടങ്ങി ഇടുക്കി ഗോൾഡിൽ വരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാലുമൊത്ത് ഒരു സിനിമയിൽ അഭിനയിക്കാൻ കഴിയാത്തത് തനിക്ക് നഷ്ടമാണെന്ന് പറയുകയാണ് രവി വള്ളത്തോൾ. ഒരേ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് ഒരു സീനിൽ അഭിനയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
മോഹൻലാലുമൊത്ത് ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് രവി വള്ളത്തോൾ പറയുന്നു.
രവി വള്ളത്തോളിന്റെ വാക്കുകൾ ഇങ്ങനെ:
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. മോഹൻലാലിന്റെ കൂടെ ഇതുവരെ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. ഒരേ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് പക്ഷേ നേർക്കു നേരെ നിന്ന് അഭിനയിച്ചിട്ടില്ല. വിഷ്ണുലോകത്തിലൊക്കെ ഉണ്ടങ്കിലും ഞാൻ വേറൊരു ക്യാരക്ടർ ആയിരുന്നു. എപ്പോൾ ചോദിക്കുമ്പോഴും ലാൽ പറയും, ‘ചേട്ടാ എനിക്ക് നല്ല ഓർമ്മയുണ്ട്. വരട്ടെ ഞാൻ എഴുതിയ കഥ സിനിമയാക്കിയപ്പോഴും ലാൽ ആയിരുന്നു നായകൻ, രേവതിക്കൊരു പാവക്കുട്ടി’.
കാലാപാനിയിൽ തനിക്ക് നല്ലൊരു വേഷം അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചതാണെങ്കിലും സീരിയലിലെ തിരക്കുകൾ കാരണം അന്നതിന് കഴിഞ്ഞില്ലെന്നും രവി വള്ളത്തോൾ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.