കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര അവാർഡിൽ മലയാളത്തിൽ നിന്ന് അംഗീകാരം ലഭിച്ചത് ജോജു ജോർജ്, സാവിത്രി ശ്രീധരൻ എന്നീ നടീനടന്മാർക്കു ആണ്. അതിനൊപ്പം എം ജെ രാധാകൃഷ്ണൻ, വിനീഷ് ബംഗ്ലാൻ എന്നീ സാങ്കേതിക പ്രവർത്തകർക്കും അംഗീകാരം ലഭിച്ചു.
ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജോജുവിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചപ്പോൾ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച സാവിത്രി ശ്രീധരനും ലഭിച്ചു പ്രത്യേക ജൂറി പരാമർശം.
സക്കറിയ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അതിഗംഭീര പ്രകടനം ആണ് സാവിത്രി ശ്രീധരൻ കാഴ്ച വെച്ചത്. അംഗീകാരം ലഭിച്ചപ്പോൾ മോഹൻലാൽ തന്നെ വിളിച്ചു അഭിനന്ദിച്ചു എന്നും സാവിത്രി മാധ്യമങ്ങളോട് പറഞ്ഞു.
മനസ്സ് നിറയുന്ന സന്തോഷത്തിൽ നിൽക്കുകയാണ് ഈ കലാകാരി. മഴ മൂലം വീട്ടിൽ വൈദ്യുതി മുടങ്ങിയതിനാൽ അവാർഡ് പ്രഖ്യാപനം ലൈവ് ആയി കാണാൻ സാവിത്രി ശ്രീധരന് സാധിച്ചില്ല. പിന്നീട് സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞപ്പോൾ ആണ് അംഗീകാരം ലഭിച്ച വിവരം അറിഞ്ഞത്.
അതോടു കൂടി സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും അഭിനന്ദന സന്ദേശങ്ങൾ എത്തിത്തുടങ്ങിയിരുന്നു. അതിനിടയിലാണ് മോഹൻലാൽ നേരിട്ട് വിളിച്ചു അഭിനന്ദിച്ചത് എന്നത് ഏറെ സന്തോഷം പകരുന്നു ഈ കലാകാരിക്ക്.
സുഡാനി ഫ്രം നൈജീരിയക്ക് ശേഷം ഒട്ടേറെ ചിത്രങ്ങൾ ആണ് ഈ കലാകാരിക്ക് ലഭിച്ചത്. ഡാകിനി, വൈറസ് എന്നീ ചിത്രങ്ങളിലെ പ്രകടനവും ഏറെ കയ്യടി നേടി കൊടുത്തിരുന്നു ഈ കലാകാരിക്ക്. നാടകങ്ങളിലൂടെയാണ് സാവിത്രി ശ്രീധരൻ കലാ ജീവിതം ആരംഭിച്ചത്. 1991 ഇൽ കടവ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് ഈ നടി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.