വെസ്റ്റ് ഇൻഡീസിനെതിരായ തകർപ്പൻ ബാറ്റിങ്ങോടെ അന്താരാഷ്ട്ര ട്വന്റി20 യിൽ മഹേന്ദ്രസിങ് ധോണയുടെ റെക്കോഡ് മറികടന്ന് ഇന്ത്യൻ യുവതാരം ഋഷഭ് പന്ത്. ട്വന്റി20 മത്സരത്തിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവുമുയർന്ന വ്യക്തിഗത സ്‌കോറാണ് ഇന്നലെ ഗയാനയിൽ വെസ്റ്റ് ഇൻഡീസിനെതിരെ പന്ത് കുറിച്ചത്.
വിൻഡീസിനെതിരായ മൂന്നാം ട്വന്റി20 യിൽ 65 റൺസ് നേടിയ പന്ത്, 56 റൺസ് നേടിയ ധോണിയെയാണു മറികടന്നത്. ഇപ്പോൾ പന്ത് ഒന്നാമതും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ധോണിയുമാണ്. സൈന്യത്തിൽ സേവനം അനുഷ്ഠിക്കാൻ ടീമിൽ നിന്നു സ്വയം ഒഴിഞ്ഞുനിന്ന ധോണിക്കു പകരമാണ് പന്ത് ടീമിലെത്തിയത്. ട്വന്റി20 ക്കു പുറമേ ഏകദിനത്തിലും ടെസ്റ്റിലും പന്താണ് ഇന്ത്യയുടെ വിക്കറ്റിനു പിറകിൽ.
ഇന്നലെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായിച്ചേർന്ന് 106 റൺസിന്റെ കൂട്ടുകെട്ട് തീർത്ത് പുറത്താകാതെ നിന്ന പന്താണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. 147 റൺസ് പിന്തുടർന്ന ഇന്ത്യ അനായാസമാണു മത്സരം ജയിച്ച് മൂന്നു കളികളുടെ പരമ്പര തൂത്തുവാരിയത്. ഫ്ളോറിഡയിലെ ആദ്യ രണ്ടു മത്സരങ്ങളിലും വിക്കറ്റ് വലിച്ചെറിഞ്ഞ പന്ത്, സൂക്ഷ്മതയോടെയാണ് ഗയാനയിൽ കളിച്ചത്. ആദ്യ മത്സരത്തിൽ പൂജ്യത്തിനും രണ്ടാമത്തേതിൽ നാല് റൺസിനുമാണ് പന്ത് പുറത്തായിരുന്നത്.
ടീമിലെ തന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുമെന്ന അവസ്ഥയിൽ നിന്നാണ് പന്ത് മൂന്നാം മത്സരത്തിൽ തന്റെ സാന്നിധ്യം ഒഴിവാക്കാനാവില്ലെന്നു തെളിയിച്ചത്. ഓപ്പണർമാരായ ശിഖർ ധവാന്റെയും കെ.എൽ രാഹുലിന്റെയും വിക്കറ്റുകൾ 27 റൺസിനു നഷ്ടപ്പെട്ട ഇന്ത്യക്കു പന്തിന്റെയും ക്യാപ്റ്റന്റെയും കൂട്ടുകെട്ടിനെത്തുടർന്നു പിന്നീട് വിക്കറ്റ് നഷ്ടപ്പെട്ടത് 133 റൺസിലാണ്.
പന്തിന്റെ ആക്രമണോത്സുകത നിയന്ത്രിക്കുന്നതിൽ നോൺ സ്ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന കോഹ്ലിക്കു സാധിച്ചുവെന്നതാണ് ഇന്നലെ ശ്രദ്ധേയമായത്. 42 പന്തിൽ നാല് സിക്സറിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെയാണ് പന്ത് 65 റൺസ് നേടിയത്. മാത്രമല്ല, ധോണി സ്റ്റൈലിൽ ഒരു പടുകൂറ്റൻ സിക്സർ അടിച്ച് വിജയറൺ നേടാനും പന്തിനായി.