താരസുന്ദരി സുസ്മിതാ സെൻ വയസ് 43 ആയിട്ടും ഇത്രയും കാലമായിട്ടും വിവാഹം കഴിക്കാതെ നടന്നതെന്തിന് എന്ന് അന്വേഷിച്ച് നടന്ന ആരാധകർക്ക് സന്തോഷ വാർത്ത. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ സുസ്മിതയും കാമുകനും ഉടൻ വിവാഹിതരാവുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. പ്രചരിക്കുന്ന വാർത്തകൾ സത്യമാണോ എന്ന് അന്വേഷിച്ച് ആരാധകരും രംഗത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് സുസ്മിതയുടെ സഹോദരനും വ്യവസായിയുമായ രാജീവ് സെന്നിന്റെ വിവാഹം കഴിഞ്ഞത്.
ഈ സമയത്തും ആരാധകർ അന്വേഷിച്ചത് നടിയെ കുറിച്ചായിരുന്നു. മുംബൈയിലെ രജിസ്റ്റർ ഓഫീസിൽ വച്ച് ജൂലൈ പതിനൊന്നിനാണ് രാജീവും ചാരു അശോപയും വിവാഹിതരാവുന്നത്. ശേഷം ബംഗാളി ആചാര പ്രകാരം ഗോവയിൽ വച്ച് നടത്തിയ വിവാഹ ചടങ്ങുകളിൽ കുടുംബാംഗങ്ങൾ മാത്രമേ പങ്കെടുത്തിരുന്നുള്ളു. രസകരമായ കാര്യം സുസ്മിതയ്ക്കൊപ്പം കാമുകൻ റോഹ്മാൻ ഷോളും സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നു എന്നതാണ്.
വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലായതോടെ സുസ്മിത റോഹ്മാനെ തന്റെ കുടുംബത്തിലെ ഒരു അംഗമായി കാണുന്നുണ്ടെന്ന കാര്യം പുറത്തറിഞ്ഞു. അതിനാൽ തന്നെ ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാവുമോ എന്ന കാത്തിരിപ്പിലായിരുന്നു ആരാധകർ. ഈ ദിവസങ്ങളിൽ ഇരുവരും വിദേശത്ത് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പുറത്ത് വന്നു. ഇപ്പോൾ വോഗ് മാസികയാണ് സുസ്മിത സെൻ വിവാഹിതയാവാൻ പോവുന്ന കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റോഹ്മാൻ സുസ്മിതയോട് വിവാഹാഭ്യർഥന നടത്തിയെന്നും നടി അതിന് സമ്മതം മൂളിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസങ്ങളിൽ തന്നെ ചടങ്ങ് നടക്കുമെന്നാണ് അറിയാൻ കഴിയുന്നത്. അതേ സമയം സുസ്മിതയും റോഹ്മാനും ഇപ്പോൾ ഒന്നിച്ചാണ് കഴിയുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. മിസ് യൂണിവേഴ്സ് പട്ടം നേടിയ താരസുന്ദരിയാണ് സുസ്മിത സെൻ. 18-ാം വയസിലായിരുന്നു നടിയെ തേടി ഈ ഭാഗ്യമെത്തിയത്.
1994 ൽ ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് സുസ്മിത ഫെമിന മിസ് ഇന്ത്യ കീരിടം നേടിയിരുന്നു. മിസ് യൂണിവേഴ്സ് ആയതോടു കൂടി സുസ്മിതയുടെ കരിയർ മാറി മറിഞ്ഞു. ഇതോടെ സിനിമയിലേക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ഹിന്ദി സിനിമകൾ കൂടാതെ തമിഴ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. 2015 ൽ റിലീസിനെത്തിയ ബംഗാളി ചിത്രത്തിലാണ് സുസ്മിത അവസാനമായി അഭിനയിച്ചത്. പൂർണമായും സിനിമയിൽ നിന്നു മാറി നിൽക്കുകയാണ് നടിയിപ്പോൾ.
ഇത്രയും കാലം വിവാഹം കഴിക്കാതെ സിംഗിൾ മദറായി ജീവിക്കുകയായിരുന്നു സുസ്മിത. ഇവർ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തിരുന്നു. 2001 ൽ റിനി എന്ന പെണ്‍കുട്ടിയെയും 2010 ൽ ആലിഷ എന്ന കുട്ടിയെയുമാണ് സുസ്മിത ദത്ത് എടുക്കുന്നത്. പിന്നീട് സിംഗിൾ മദർ ആയി ജീവിക്കാനായിരുന്നു നടി തീരുമാനം എടുത്തത്. ഇപ്പോൾ കാമുകനൊപ്പം വിദേശത്ത് അവധി ആഘോഷിക്കുന്പോൾ നടിക്കൊപ്പം രണ്ട് മക്കളമുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.