കാജൽ അഗർവാളിനെ നേരിൽ കാണാൻ മോഹം; യുവാവിന് 75 ലക്ഷം നഷ്ടമായി; എട്ടിന്റെ പണി കിട്ടിയത് ഇങ്ങനെ

59

തങ്ങളുടെ പ്രിയതാരങ്ങളെ നേരിൽ കാണാനും പരിചയപ്പെടാനും ആഗ്രഹിക്കുന്നവരാകും ബഹുഭൂരിപക്ഷവും. എന്നാൽ ചിലരാകട്ടെ അതിനായി എന്തുപണിക്കും തയ്യാറാവുകയും ചെയ്യും. വളഞ്ഞവഴിയിൽ ഇതിനു ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണിയും.

ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്റോയുടെ വ്യാജനെ ഉണ്ടാക്കി തമിഴ് നിർമാതാവാണ് യുവാവിനെ പറ്റിച്ചത്. കാജൽ അഗർവാളിനെ നേരിട്ട് കണ്ട് പരിചയപ്പെടുത്താൻ അവസരം നൽകാം എന്നായിരുന്നു വാഗ്ദാനം.

Advertisements

യുവാവിന്റെ അച്ഛന്റെ പരാതിയിൽ രാമനാഥപുരം പൊലീസ് നിർമാതാവിനെ അറസ്റ്റ് ചെയ്തു. ചെന്നൈ അശോക് നഗറിലെ ലോഡ്ജിൽ വച്ചാണ് പ്രതി ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാമനാഥപുരത്തെ വലിയൊരു ബിസിനനസ്സ്മാന്റെ മകനാണ് ചതിയിൽപെട്ടത്. താൻ വഞ്ചിക്കപ്പെട്ടതറിഞ്ഞ് ആത്മഹത്യയ്ക്കു ശ്രമിച്ചതോടെയാണ് സംഭവം വീട്ടുകാരും അറിയുന്നത്.

കാജലിനെ നേരിട്ട് പരിചയപ്പെടുത്താം എന്നുപറഞ്ഞ് യുവാവിൽ നിന്നും നിർമാതാവ് തട്ടിയെടുത്തത് 75 ലക്ഷം രൂപയാണ്. തന്റെ മകനെ ദിവസങ്ങളായി കാണാനില്ലെന്ന പരാതിയിലാണ് അച്ഛൻ പൊലീസിനെ സമീപിക്കുന്നത്. മറ്റു വിവരങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ പൊലീസ് നിയമിച്ചിരുന്നു.

ഒരാഴ്ച മുമ്പ് താൻ ആത്മഹത്യയ്ക്കൊരുങ്ങുകയാണെന്ന് പറഞ്ഞ് അച്ഛനെ യുവാവ് ഫോൺ വിളിച്ചിരുന്നു.
അങ്ങനെ ഫോൺ നമ്ബറിലൂടെ യുവാവിന്റെ ലൊക്കേഷൻ പൊലീസ് കണ്ടെത്തി. കൊൽക്കത്തയിലേയ്ക്ക് ആയിരുന്നു യുവാവ് ഒളിച്ചോടിയത്. അവിടെ എത്തി യുവാവിനെ കണ്ടെത്തിയ പൊലീസ് പിന്നീട് ചോദ്യം ചെയ്തപ്പോളാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നടിമാരെ നേരിട്ട് കാണാൻ സാധിക്കുന്ന വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കൾ വഴിയാണ് താൻ അറിയുന്നതെന്ന് യുവാവ് പറയുന്നു.

അങ്ങനെ ഒരുമാസം മുമ്ബ് ഇതുപോലൊരു വെബ്സൈറ്റ് സന്ദർശിക്കാൻ ശ്രമിച്ചു. റജിസ്റ്റർ ചെയ്യുന്ന സമയത്താണ് ഫോണിലേയ്ക്ക് ഒരുകോൾ വരുന്നത്. തന്റെ കൈയ്യിൽ നടിമാർ ഉണ്ടെന്നും ഇഷ്ടമുള്ള നടിമാരെ തിരഞ്ഞെടുക്കാനായി ഫോട്ടോ അയച്ചുതരാമെന്നും അയാൾ പറഞ്ഞു. ഇതിനായി അമ്ബതിനായിരം രൂപ ആദ്യം ഓൺലൈനായി അടക്കണമെന്നും അറിയിച്ചു. അയച്ചുതന്ന ഫോട്ടോകളിൽ നിന്നും യുവാവ് തിരഞ്ഞെടുത്തത് കാജൽ അഗർവാളിന്റെ ചിത്രം.

അതിനു ശേഷം തന്റെ േപരും മറ്റു വിവരങ്ങളുമെല്ലാം സൈറ്റിലൂടെ കൈമാറി. പിന്നീട് അയാൾ യുവാവിനെ വിളിച്ച് വീണ്ടും 50000 ആവശ്യപ്പെട്ടു. നടിയെ നേരിട്ട് കാണിക്കാം എന്നായിരുന്നു വാഗ്ദാനം. പക്ഷേ പണം അയച്ചതിനുശേഷം അയാൾ അശ്ലീല സൈറ്റുകളുടെ ലിങ്കുകൾ മാത്രമാണ് അയച്ചുനൽകിയിരുന്നത്. അപ്പോളാണ് ഇത് ചതിയാണെന്ന് യുവാവിനും മനസ്സിലാകുന്നത്. ഇതിൽ നിന്നും എങ്ങനെയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

75 ലക്ഷം രൂപ തന്നില്ലെങ്കിൽ തന്റെ കോൾ വിവരങ്ങളും വെബ്സൈറ്റ് ലിങ്കും പരസ്യപ്പെടുത്തുമെന്നും വീട്ടുകാരുടെ മുന്നിൽ നാണംകെടുത്തുമെന്നും അയാൾ പറഞ്ഞു. അങ്ങനെയാണ് 75 ലക്ഷം രൂപ യുവാവ് ഓൺലൈനായി അയച്ചുകൊടുത്തത്. താൻ വഞ്ചിക്കപ്പെട്ടതിന്റെ വിഷമത്തിൽ യുവാവ് ഒളിച്ചോടുകയും പിന്നീട് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ശേഖരിച്ച പൊലീസ് അതിന്റെ ഉടമ ഒരു സംവിധായകന്റേതാണെന്ന് തിരിച്ചറിഞ്ഞു.

പുതുമുഖ സംവിധായകൻ മണികണ്ഠന്റേത് ആയിരുന്നു ആ അക്കൗണ്ട്. എന്നാൽ തനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് നിർമാതാവ് ശരവണ കുമാർ ആണെന്നും അയാൾ മൊഴി നൽകി. അങ്ങനെയാണ് ശരവണകുമാർ എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണനെ പിടികൂടുന്നത്. പ്രതിയിൽ നിന്നും 10 ലക്ഷം രൂപയും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

Advertisement