മലയാളത്തിന്റെ പ്രിയതാരം ഗിന്നസ് പക്രു നിർമാതാവാകുന്ന ആദ്യ ചിത്രമായ ഫാൻസിഡ്രസ് പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. ഈ അവസരത്തിൽ താൻ ജീവിതത്തിൽ ഏറ്റവുമധികം സന്തോഷിച്ച നിമിഷത്തെക്കുറിച്ചും ആ സന്തോഷം ദുഖമായതിനെക്കുറിച്ചും പറയുകയാണ് ഗിന്നസ് പക്രു.
സത്യം പറഞ്ഞാൽ എന്റെ മൂത്ത മോളുടെ മുഖം കണ്ട ആ ദിവസമാണ് ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്, പക്ഷെ പ്രസവിച്ച് പതിനഞ്ച് ദിവസം മാത്രമേ അവൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുള്ളൂ, അവളുടെ ജനനവും അവളുടെ മരണവുമാണ് ജീവിതത്തിൽ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്ത സന്ദർഭങ്ങൾ.
രണ്ടാമത്തെ മകൾ ദീപ്ത കീർത്തിയെ കാണുമ്പോൾ എല്ലാവരും പറയും ആദ്യത്തെ മോൾ പുനർജനിച്ചതാണെന്ന്, അത് അങ്ങനെ തന്നെയായിരിക്കട്ടെയെന്ന് ഞാനും കരുതി’. ഗിന്നസ് പക്രു ഒരു നിറഞ്ഞ കലാകാരനാണ്, അഭിനയം സംവിധാനം അതിനു പുറമേ ഇപ്പോഴിതാ നിർമ്മാണ രംഗത്തും തിരക്കഥാ രചനയിലും ആദ്യ ചുവടു വയ്ക്കുകയാണ് താരം.
തന്റെ മകളുടെ പേരായ ദീപ്ത കീർത്തി എന്ന നാമമാണ് തന്റെ നിർമ്മാണ കമ്പനിയ്ക്കായി ഗിന്നസ് പക്രു നൽകിയിരിക്കുന്നത്, നവാഗതനായ രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്യുന്ന ‘ഫാൻസി ഡ്രസ്സ്’ എന്ന ചിത്രമാണ് ഗിന്നസ് പക്രു ആദ്യമായി നിർമ്മിച്ച ചിത്രം. സംവിധായകനൊപ്പം ഗിന്നസ് പക്രു ചിത്രത്തിന്റെ തിരക്കഥാ രചനയിലും പങ്കാളിയാണ്.