താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസി’ലെ പ്രധാനതാരങ്ങളെ പ്രഖ്യാപിച്ച് സുപ്പർതാരം മോഹൻലാൽ. സ്പാനിഷ് നടി പാസ് വേഗ, നടൻ റഫേൽ അമാർഗോ എന്നിവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തും. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്ക് വിഡിയോയിലൂടെ താരങ്ങളെ പ്രഖ്യാപിച്ചത്.
ബറോസിൽ വാസ്കോഡഗാമയുടെ വേഷത്തിലാണ് റാഫേൽ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും അഭിനയിക്കും. റാംബോ;ലാസ്റ്റ് ബ്ലഡ്, സെക്സ് ആൻഡ് ലൂസിയ, ഓൾ റോഡ്സ് ലീഡ്സ് ടു റോം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് പാസ് വേഗ.
ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിച്ച വാസ്കോഡഗാമയുടെ രത്നങ്ങളുടെയും സുവർണ നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാലാണ് ബാറോസിന്റെ വേഷത്തിലെത്തുന്നത്. ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും. നവോദയ ജിജോ തിരക്കഥ എഴുതുന്ന ചിത്രം കുട്ടികൾക്കായുള്ള ഫാന്റസി 3ഡി സിനിമയാണെന്നും മോഹൻലാൽ പറയുന്നു.
40 വർഷം മുൻപ് മോഹൻലാലിനെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത് നവോദയ ജിജോയാണ്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ്. ഛായാഗ്രഹണം കെയു മോഹനൻ. ബോളിവുഡിൽ നിന്നുള്ള അഭിനേതാക്കളും വിദേശതാരങ്ങളും സിനിമയിലുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവ, പോർച്ചുഗീസ് തുടങ്ങിയ സ്ഥലങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകൾ.