മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സൂപ്പർ സംവിധായകൻ പ്രിയദർശൻ ഒരുക്കുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ പ്രൊജക്റ്റ് ആണ് ഈ ചിത്രം. നൂറു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു.
ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രം അടുത്ത വർഷം മാർച്ച് മാസത്തോടെ റിലീസ് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്. പ്രമുഖ തിരക്കഥാകൃത്തായ അന്തരിച്ച ടി ദാമോദരൻ മാഷ് എഴുതി നൽകിയ പൂർണ്ണമാവാത്ത തിരക്കഥയെ അധികരിച്ചു പ്രിയദർശനും ഐവി ശശിയുടെ മകൻ ആയ അനി ഐവി ശശിയും ആണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
എന്നാൽ തന്റെ തിരക്കഥ മോഷ്ടിച്ചാണ് പ്രിയദർശൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത രചയിതാവായ ടിപി രാജീവൻ. മമ്മൂട്ടിയെ നായകനാക്കി ഷാജി നടേശൻ നിർമ്മിക്കാനിരുന്ന കുഞ്ഞാലി മരക്കാരുടെ രചയിതാക്കളിൽ ഒരാളാണ് ടിപി രാജീവൻ. ശങ്കർ രാമകൃഷ്ണനോപ്പം ചേർന്ന് ടിപി രാജീവൻ ആണ് ഈ പ്രോജക്ടിന് തിരക്കഥ ഒരുക്കുക എന്നായിരുന്നു വാർത്തകൾ വന്നത്.
എന്നാൽ മോഹൻലാൽ പ്രിയദർശൻ ചിത്രം ആരംഭിച്ചതോടെ ഈ പ്രോജെക്ടിനെ പറ്റി കൂടുതൽ ഒന്നും കേട്ടില്ല. ഇപ്പോൾ മരക്കാർ; അറബിക്കടലിന്റെ സിംഹം ചിത്രീകരണവും പൂർത്തിയായി പോസ്റ്റ് പ്രാഡക്ഷന്റെ പകുതിയോളം എത്തിയപ്പോൾ ആണ് ഈ ആരോപണവുമായി ടി പി രാജീവൻ രംഗത്ത് വരുന്നത്. എന്നാൽ ഈ ആരോപണം ശക്തമായി നിഷേധിച്ചു കൊണ്ട് തന്നെ പ്രിയദർശൻ രംഗത്ത് വന്നിട്ടുണ്ട്.
കുഞ്ഞാലി മരക്കാർ എന്ന പ്രോജെക്ടിനെ കുറിച്ച് സംസാരിക്കാൻ ടി പി രാജീവനെ താൻ കണ്ടിട്ടുണ്ട് എന്നത് സത്യം ആണെങ്കിലും ഇതിന്റെ തിരക്കഥ ദാമോദരൻ മാഷ് ഒരുക്കിയതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചെയ്തിരിക്കുന്നത് എന്നും ധൈര്യമുണ്ടെങ്കിൽ ടിപി രാജീവൻ താൻ എഴുതിയ കഥ വെളിപ്പെടുത്തണം എന്നും പ്രിയൻ വെല്ലുവിളിക്കുന്നു.
ഒരു ചരിത്ര കഥാപാത്രത്തെ കുറിച്ച് ആർക്കു വേണമെങ്കിലും സിനിമ ഉണ്ടാക്കാം എന്നിരിക്കെ ടിപി രാജീവന്റെ ആരോപണം എത്രമാത്രം നിലനിൽക്കും എന്നത് കണ്ടറിയണം. മാത്രമല്ല പ്രിയദർശൻ ചിത്രം റിലീസ് ആയതിനു ശേഷം മാത്രമേ താൻ നിയമ പരമായി മുന്നോട്ടു പോകു എന്ന് ടിപി രാജീവൻ പറയുന്നതും ഈ ചിത്രത്തിന്റെ കഥയെ കുറിച്ചുള്ള അറിവില്ലാത്തതു കൊണ്ടാണെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നുണ്ട്.