ഏറ്റവും കൂടുതൽ സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിച്ചത് മലയാളത്തിലെ സൂപ്പർ താരങ്ങൾ: മമ്മൂട്ടിക്കും മോഹൻലാലിനും എതിരെ ഡോ.ബിജു

12

മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്ക് എതിരെ സംവിധായകൻ ഡോ.ബിജു. ഏറ്റവും കൂടുതൽ സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിച്ചത് മലയാളത്തിലെ സൂപ്പർ താരങ്ങളാണെന്നും മലയാള സിനിമയെ നിയന്ത്രിക്കാൻ കഴിവുള്ള രണ്ട് സൂപ്പർ താരങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്താത്തത് അവരുടെ സാംസ്‌കാരിക അപചയമാണെന്നും സ്ത്രീവിരുദ്ധ സംഭാഷണങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിനെ അവർ പ്രോത്സാഹിപ്പിക്കുക യായികരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ.ബിജുവിന്റെ വാക്കുകൾ ഇങ്ങനെ

Advertisements

പൊതുവെ മലയാള സിനിമയിൽ ഒരു മാഫിയ വത്കരണം നടക്കുന്നുണ്ട്. കുറേ ആളുകളുടെയും, പ്രത്യേകിച്ച് ചില സംഘടനകളും അവരുടെ നേതാക്കളുമാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. കുറേ വർഷങ്ങളായി ഇത് ഇങ്ങനെയാണ്. ഇതിന് നേരെയുള്ള ആദ്യത്തെ ഒരു കല്ലേറ് തന്നെയാണ് ഡബ്ല്യൂ.സി.സി. ഇതിന് മുമ്ബ് സ്ത്രീപക്ഷം, സ്ത്രീകളുടെ പ്രശ്‌നങ്ങൾ എന്നിവയൊന്നും ആരും കെയർ ചെയ്തിരുന്നില്ല.

മലയാളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീവിരുദ്ധ സിനിമകൾ എടുത്തു പരിശോധിച്ചാൽ, അതിൽ സൂപ്പർ താരങ്ങൾ തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. അവർ അതിനെ പറ്റി ഉത്കണ്ഠപ്പെട്ടില്ല. ശരിയാണ്, ആരോ എഴുതി തരുന്ന സംഭാഷണങ്ങൾ അവർ പറയുന്നു. അവർക്ക് വേണമെങ്കിൽ അത് പറയാം.

പക്ഷേ എങ്കിൽ പോലും സിനിമ ഇൻഡസ്ട്രിയെ മുഴുവൻ നിയന്ത്രിക്കാൻ കഴിയുന്ന രണ്ട് പേർ അതിൽ ശ്രദ്ധ ചെലുത്തിയില്ല എന്ന് പറയുന്നത് അവരുടെ സാംസ്‌കാരിക അപചയമാണ്. അവർ ശ്രദ്ധിക്കേണ്ടിയിരുന്നു. അവർ ശ്രദ്ധിച്ചാൽ പറയാം, ഇങ്ങനെയുള്ള സംഭാഷണങ്ങൾ വേണോ, പക്ഷേ അവർ തന്നെ അത് പ്രോത്സാഹിപ്പിക്കുകയായിരുന്നു. അതിനെ കൈയടിക്കാൻ കുറച്ച് ഫാൻസ് എന്ന് പറഞ്ഞ ആളുകളും.

അങ്ങനെയൊരു ധാര മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. അതിന് എതിരെയുള്ള ഒരു കല്ലേറ് തന്നെയാണ് ഡബ്ല്യൂസിസി എന്നും ഡോക്ടർ ബിജു വ്യക്തമാക്കി. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്‌ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു ഡോ.ബിജു.

Advertisement