ന്യൂസിലൻഡിനെ തോൽപ്പിച്ചത് വിചിത്ര നിയമം, വിവാദം കത്തുന്നു; ആഞ്ഞടിച്ച് മുൻ താരങ്ങൾ

23

ലോകകപ്പ് ചാമ്പ്യന്മാരെ സൂപ്പർ ഓവറിലൂടെ കണ്ടെത്തിയ മാനദണ്ഡത്തെ ചൊല്ലി വിവാദം കത്തുന്നു. സൂപ്പർ ഓവറും ടൈ ആയതോടെ കൂടുതൽ ബൗണ്ടറി നേടിയത് പരിഗണിച്ചാണ് ഇംഗ്ലണ്ട് കിരീടം നേടിയത്.

ന്യൂസിലൻഡിനേക്കാൾ ഒരു റൺ പോലും ഇംഗ്ലണ്ട് അധികം നേടിയില്ല. കൂടുതൽ വിക്കറ്റുകൾ നഷ്ടമാവുകയും ചെയ്തു. എന്നിട്ടും സൂപ്പർ ഓവർ നിയമത്തിൽ ഇംഗ്ലണ്ട് ലോക ചാമ്പ്യൻമാരാവുകയായിരുന്നു. 100 ഓവർ മത്സരം സമനിലയിൽ അവസാനിച്ച ശേഷമുള്ള സൂപ്പർ ഓവറും ടൈ എങ്കിൽ 50 ഓവറിലും സൂപ്പർ ഓവറിലും ആയി ഏറ്റവും കൂടുതൽ ബൗണ്ടറി നേടുന്ന ടീം ജയിക്കണമെന്ന നിയമമാണ് ഇംഗ്ലണ്ടിന് നേട്ടമായത്. ഇംഗ്ലണ്ട് ആകെ 26 തവണ പന്ത് അതിർത്തി കടത്തിയപ്പോൾ ന്യൂസിലൻഡിൻറെ പേരിലുണ്ടായത് മൂന്ന് സിക്‌സർ അടക്കം 17 എണ്ണം.

Advertisements

ഡക്ക് വർത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിർണയിക്കുന്നതിൽ പരിഗണിക്കുമ്പോൾ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന വിമർശനവുമായി ഡീൻ ജോൺസും ഗൗതം ഗംഭീറും അടക്കമുള്ളവർ രംഗത്തെത്തിക്കഴിഞ്ഞു.

കൂടുതൽ എയ്‌സ് പായിച്ചയാളെ ടെന്നിസിൽ വിജയിയായി പ്രഖ്യാപിക്കുമോ എന്നാണ് ഇവരുടെ ചോദ്യം. രണ്ടാം വട്ടവും ടൈ ആയപ്പോൾ കിരീടം പങ്കിടേണ്ടിയിരുന്നു എന്ന് വാദിക്കുന്നവരും കുറവല്ല.

ബാറ്റ്‌സ്മാന്മാരുടെ കളിയായി ക്രിക്കറ്റിനെ മാറ്റുകയും ബൗളറുടെ അധ്വാനത്തെ അവഗണിക്കുകയും ചെയ്യുന്നതാണ് ഈ നിയമം എന്നതും പലരും ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ഒരു കാര്യം വ്യക്തമാണ്. സൂപ്പർ ഓവർ നിയമം ഇങ്ങനെയാണെന്ന് ഫൈനലിന് മുൻപേ എല്ലാവർക്കും അറിയാമായിരുന്നു. എന്നിട്ടും ആരും എതിർത്തു കണ്ടില്ല. അതായത് ഇത്തരമൊു നാടകീയ അന്ത്യം ആരും പ്രതീക്ഷിച്ചില്ലെന്ന് ചുരുക്കം.

Advertisement