അയർക്കുന്നം: അച്ഛനും മകനും കഴിഞ്ഞ ദിവസം ജീവൻ ഒടുക്കിയത് ഭാര്യ ചതിച്ചതിലുള്ള കടുത്ത മനോവിഷമമാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു. അമയന്നൂർ പടിപ്പുരയ്ക്കൽ രാജേഷ് (43), ഇളയ മകൻ രൂപേഷ് (11) എന്നിവരെയാണു വീടിനുള്ളിൽ മരിച്ചനിലയിൽ ഇന്നലെ കണ്ടെത്തിയത്.
വിഷം ഉള്ളിൽ ചെന്നാണ് മരണം. മൂന്നു മാസം മുൻപാണ് രാജേഷിന്റെ ഭാര്യ സമീപവാസിയോടൊപ്പം ഒളിച്ചോടിയത്. മേസ്തിരി പണിക്കാരനായ രാജേഷിനൊപ്പം പണി ചെയ്തിരുന്ന യുവാവ് സ്ഥിരമായി വീട്ടിൽ വരുമായിരുന്നു. അങ്ങനെയാണ് ഇവർ തമ്മിൽ അടുപ്പത്തിലായത്.
ഭാര്യ ഒളിച്ചോടിയ ശേഷം മനോവിഷമത്തിലായിരുന്ന രാജേഷ് പണിക്കു പോലും പോകാതെയാണ് രൂപേഷിനെ സ്കൂളിൽ കൊണ്ടുപോയിരുന്നത്. നാലാം ക്ലാസ് വിദ്യാർഥിയായ രൂപേഷിനെ വൈകുന്നേരം പിതാവ് സ്കൂളിൽ നിന്ന് എടുത്തുകൊണ്ടാണ് വരിക.
അത്രയ്ക്ക് ഇഷ്ടമായിരുന്നു രാജേഷിന് കുട്ടിയോട്. ഒളിച്ചോടിയ ഭാര്യ തിരികെ വന്നാലും സ്വീകരിക്കാൻ തയാറാണെന്ന് രാജേഷ് പലരോടും പറഞ്ഞിരുന്നു. എന്നിട്ടും അവർ വന്നില്ല. ഇപ്പോൾ അയൽവാസിയോടൊപ്പം ചോറ്റാനിക്കരയിൽ താമസമാക്കിയിരിക്കുകയാണ്. രാജേഷും മകനും മരിച്ച വിവരമറിഞ്ഞ് നാട്ടുകാരിൽ ചിലർ രാജേഷിന്റെ ഭാര്യയെ ഫോണിൽ വിളിച്ച് ചീത്തപറഞ്ഞു.
ഭർത്താവിനെ ചതിച്ച് കാമുകനൊപ്പം പോയ യുവതിയെ മൃതദേഹം കാണാൻ പോലും അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ബുധനാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് മരണം സംഭവിച്ചത്. രാജേഷിന്റെ മൂത്തമകൻ ഹരീഷ് പ്ലസ്ടു കഴിഞ്ഞ് പണിയൊന്നുമില്ലാതെ വീട്ടിലുണ്ട്.
ഹരീഷുമായി രാജേഷ് ബുധനാഴ്ച രാത്രിയിൽ വാക്കുതർക്കമുണ്ടായി. ഹരീഷിനെ പിതാവ് ഇറക്കി വിട്ടുവെന്നാണ് പറയുന്നത്. ഇതേ തുടർന്ന് ഹരീഷ് ടെറസിലാണ് കിടന്നുറങ്ങിയത്. ഒരു പക്ഷേ ഹരീഷ് വീട്ടിൽ ഉണ്ടായിരുന്നാൽ ഇവർക്ക് മരണത്തിന് തടസമാകുമെന്നു കണ്ടായിരിക്കാം വഴക്കുണ്ടാക്കി ഇറക്കി വിട്ടതെന്നു കരുതുന്നു. പാലിൽ വിഷം കലക്കി കുടിച്ചാണ് മരണം സംഭവിച്ചത്.
മകന് വിഷം നല്കിയ ശേഷം പിതാവ് കുടിക്കുകയായിരുന്നുവെന്നു കരുതുന്നു. രാത്രി 10മണി വരെ രൂപേഷും ചേട്ടനുമായി സംസാരിച്ചിരുന്നതാണ്. അതിനു ശേഷമാണ് ഹരീഷിനെ പിതാവ് വഴക്കുണ്ടാക്കി ഇറക്കി വിട്ടത്. ഇന്നലെ രാവിലെ ഹരീഷ് എത്തി വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. വിളിച്ചിട്ട് ആരും പ്രതികരിക്കാതെ വന്നതോടെ നാട്ടുകാരുടെ സഹായത്തോടെ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് മരണ വിവരം അറിഞ്ഞത്.