മഴയ്ക്ക് ശേഷവും ഒട്ടും ശൗര്യം ചോരാതെ രണ്ടാം ദിനവും പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ മുട്ടുമടക്കി ന്യൂസിലൻഡ്. ലോകകപ്പിൽ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക് വന്നതിന്റെ പകിട്ട് മുഴുവൻ ന്യൂസിലൻഡിനെതിരെ ഇന്ത്യൻ ബൗളർമാർ പുറത്തെടുത്തപ്പോൾ കിവീസിന് ഭേദപ്പെട്ട സ്കോർ സ്വന്തമാക്കാൻ മാത്രമേ സാധിച്ചുള്ളൂ.
അതേ സമയം മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യക്ക് ഓപ്പണർ രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടേയും വിക്കറ്റ് നഷ്ടമായി. ലോകകപ്പിൽ 5 സെഞ്ച്വറികൾ നേടിനിന്ന രോഹിത് ഇന്ന് 1 റൺസിനാണ് പുറത്തായത്. കോഹ്ലിക്കും 1 റണ്ണേ എടിക്കാനായുള്ളു
ഇന്ത്യൻ പേസ് സ്പിൻ കൂട്ടുകെട്ടുകൾ നിറഞ്ഞാടിയപ്പോൾ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണ് ന്യൂസിലൻഡ് സ്കോർ ബോർഡിൽ കുറിച്ചത്. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ന്യൂസിലൻഡ് 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എടുത്ത് നിൽക്കുന്ന സമയത്താണ് മഴ എത്തിയത്.
തുടർന്ന് റിസർവ് ദിനത്തിലേക്ക് മാറ്റിയ കളിയിൽ പിന്നീട് 28 റൺസ് മാത്രമാണ് കിവികൾ കൂട്ടിച്ചേർത്തത്. മാഞ്ചസ്റ്ററിൽ ടോസ് നേടിയത് കെയ്ൻ വില്യംസണും സംഘത്തിനും മുൻതൂക്കം നൽകിയിരുന്നു. എന്നാൽ, കളി തുടങ്ങി അധികം കഴിയാതെ തന്നെ ആ ആത്മവിശ്വാസം ഇന്ത്യയുടെ സ്റ്റാർ ബൗളർ ജസ്പ്രീത് ബൂമ്ര പൊളിച്ചു.
മാർട്ടിൻ ഗപ്റ്റിലിനെ (1) ബൂമ്ര നായകൻ വിരാട് കോലിയുടെ കൈകളിൽ എത്തിച്ചപ്പോൾ കിവികൾ ഞെട്ടി. പിന്നീട് ഒത്തുചേർന്ന നായകൻ വില്യസണും ഹെന്റി നിക്കോൾസും വിക്കറ്റ് പോകാതെ കാത്തു. പക്ഷേ, ഈ ലോകകപ്പിൽ ആദ്യ 10 ഓവർ പവർ പ്ലേയിൽ ഏറ്റവും കുറവ് റൺസെടുത്ത ടീമെന്ന ചീത്തപ്പേരാണ് ന്യൂസിലൻഡിന്റെ പേരിലായത്.
തുടർന്ന് വില്യംസണൊപ്പം ഹെന്റി നിക്കോൾസ് മികച്ച കൂട്ടുകെട്ടുയർത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ ജഡേജ ഇന്ത്യയുടെ രക്ഷകനായി. നിക്കോൾസിന്റെ പ്രതിരോധം തകർത്ത് ഇന്ത്യ രണ്ടാം വിക്കറ്റ് വീഴ്ത്തി. 69 റൺസായിരുന്നു അപ്പോൾ കിവീസിന്റെ സ്കോർ. പിന്നീട് വില്യംസണും റോസ് ടെയ്ലറും ചേർന്ന് കരുതലോടെ കളിച്ചതോടെ ന്യൂസിലൻഡ് സ്കോറിംഗ് ഇഴഞ്ഞു. 81 പന്തുകളാണ് ബൗണ്ടറിയില്ലാതെ കടന്നുപോയത്.
അർധസെഞ്ചുറി തികച്ച വില്യംസൺ ഇന്ത്യക്ക് ഭീഷണിയാവുമെന്ന ഘട്ടത്തിൽ ചാഹൽ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ നൽകി. വില്യംസണെ(67) ജഡേജയുടെ കൈകളിലെത്തിച്ച ചാഹൽ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ജയിംസ് നീഷാമും കോളിൻ ഗ്രാൻഡ്ഹോമും വലിയ പ്രതിരോധം കൂടാതെ വീണു. ടെയ്ലറും ടോം ലാഥമും ചേർന്ന് സ്കോർ ന്യൂസിലൻഡ് സ്കോർ എങ്ങനെയെങ്കിലും 250 റൺസ് കടത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോഴാണ് മഴ വില്ലനായി എത്തിയത്. കളി പുനരാരംഭിച്ച ഓവറിൽ തന്നെ ഇന്ത്യ ആധിപത്യം തുടരുന്ന കാഴ്ചയാണ് കണ്ടത്.
ഭുവനേശ്വർ ഒരു ബൗണ്ടറി പോലും വഴങ്ങാതെ കിവികളെ വരിഞ്ഞു മുറുക്കി. ബൗണ്ടറി കണ്ടെത്താനാകാതെ പോയതോടെ ഡബിൾ ഓടി റൺസ് കണ്ടെത്താനുള്ള ടെയ്ലറിൻറെ ശ്രമം പക്ഷേ റൺഔട്ടിലാണ് കലാശിച്ചത്. രവീന്ദ്ര ജഡേജ ദൂരെ നിന്ന് എറിഞ്ഞ ത്രോ അപ്രതീക്ഷിതമായി വിക്കറ്റ് തകർത്തപ്പോൾ അത് വിശ്വസിക്കാനാകാതെ നിൽക്കാൻ മാത്രമേ ടെയ്ലറിന് സാധിച്ചുള്ളൂ.
ഇതോടെ വമ്പനടിക്ക് മുതിർന്ന ലാഥം ഭുവിയുടെ പന്തിൽ ജഡേജയുടെ കൈയിൽ ഒതുങ്ങി. മിച്ചൽ സാൻറനർ ഒരു ഫോർ അടിച്ച് തുടങ്ങിയെങ്കിലും മാറ്റ് ഹെൻറി വന്നതും നിന്നതും പോയതും ഒരുമിച്ചായിരുന്നു. അവസാന ഓവറിൽ ബൂമ്രയെയും കടന്നാക്രമിക്കാൻ സാധിക്കാതെ പോയതോടെ കിവികൾ 239 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു.