വെഞ്ഞാറമൂട്: ഫോണിൽ സംസാരിച്ച് പോകുന്നതിനിടെ കിണറ്റിൽ വീണ് 44 മണിക്കൂർ മരണം മുന്നിൽ കണ്ട് കിടന്ന യുവാവിനെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. കൊഞ്ചിറ ആലമുക്ക് വിളയിൽ വീട്ടിൽ പ്രദീപ്(38)ആണ് കിണറ്റിൽ അകപ്പെട്ടത്.
ബുധനാഴ്ച വൈകിട്ടോടെ ഇയാൾ വീട്ടിലെ കിണറിന്റെ തൂണിൽ ചാരിയിരുന്ന് ഫോൺ ചെയ്യുന്നതിനിടെ തൂണൊടിഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നു. ഇയാളുടെ അമ്മ ബന്ധുവിന്റെ വീട്ടിലേക്ക് പോയതിനാൽ വീഴ്ചയുടെ വിവരം പുറംലോകമറിഞ്ഞില്ല.
വീഴ്ചയിൽ കൈക്ക് പരിക്കേറ്റതിനാൽ പ്രദീപിന് സ്വയം മുകളിലേക്ക് കയറാനുമായില്ല. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കിണറിന് സമീപത്തു കൂടി പോയവരാണ് കിണറിൽ നിന്ന് ശബ്ദം കേട്ട് നടത്തിയ പരിശോധനയിൽ തൊടിയിൽ പിടിച്ച് നിൽക്കുന്ന പ്രദീപിനെ കണ്ടത്.
തുടർന്ന് നാട്ടുകാരെ വിളിച്ചുവരുത്തി ഇയാളെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പകൽ 12ഓടെ നെടുമങ്ങാട് അഗ്‌നിശമന സേന സ്ഥലത്തെത്തി പ്രദീപിനെ രക്ഷിച്ചു.
വീഴ്ചയിൽ പരിക്കേറ്റ് മണിക്കുറുകളോളം കിണറ്റിനുള്ളിൽ അകപ്പെട്ടതിനാൽ അസ്വസ്ഥത പ്രകടിപ്പിച്ച പ്രദീപിനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണറിന് ആഴവും വെള്ളവും കുറവായത് ഇയാൾക്ക് രക്ഷയായി.
സ്റ്റേഷൻ ഓഫീസർ സൂരജ് എസ് ,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജികുമാർ, ഫയർമാൻമാരായ രഞ്ചു, സന്തോഷ്, അനൂപ്, വിപിൻ ഹോം ഗാർഡുമാരായ അജി, ഷിബു, ബിജുമോൻ, നിഖിൽ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.