തന്റെ പുതിയ ചിത്രമായ എവിടെയുടെ പ്രചരണാർത്ഥം പുറത്ത് വിട്ട വീഡിയോ വിവാദമായതിൽ പ്രതികരണവുമായി ആശാ ശരത്ത്. തബലിസ്റ്റായ തന്റെ ഭർത്താവിനെ കാണാനില്ലെന്നും എവിടെയെങ്കിലും കണ്ടെത്തുകയാണെങ്കിൽ ഇടുക്കിയിലെ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുമായിരുന്നു ആശാ ശരത്തിന്റെ ഫേസ്ബുക്ക് വീഡിയോ.
ആ പ്രൊമോഷണൽ വിഡിയോ എവിടെ സിനിമയുടെ ഫെയ്സ്ബുക്ക് പേജിലാണ് വന്നത്. ഉദ്ദേശ്യം വ്യക്തമായിരുന്നു. ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടതെന്ന് ആശാ ശരത്ത് പറഞ്ഞു. ഭർത്താവിനെ കാണാതായതിനെക്കുറിച്ച് പറയുമ്പോൾ സക്കറിയ എന്ന പേര് എടുത്തു പറയുന്നുമുണ്ട്.
സംവിധായകനും സിനിമയിലെ അണിയറപ്രവർത്തകരുമെല്ലാം കൂട്ടായി എടുത്ത തീരുമാനമാണത്. പ്രൊമോഷണൽ വിഡിയോ ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടെന്നും ആശാ ശരത്ത് പറഞ്ഞു. ചിലർക്കെങ്കിലും മറിച്ചുള്ള ആശങ്കകളുണ്ടായത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വിഷമമുണ്ടെന്നും ആശാ ശരത് പറഞ്ഞു.മനോരമ ന്യൂസിനോടാണ് നടിയുടെ പ്രതികരണം.
ആശാ ശരത്തിനെതിരെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന പൊലീസിൽ പരാതി നൽകിയിരുന്നു. സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചാരണം നടത്തിയതിനാണ് ശ്രീജിത്ത് ആശാ ശരതിനെതിരെ പെരുമന പൊലീസിലും ഇടുക്കി അഡീഷണൽ പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫിയെ നേരിട്ടും വിളിച്ച് പരാതി നൽകിയത്.
സാമൂഹിക മധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ വിവിധ ഹൈക്കോടതികൾ നിലപാടെടുത്ത ഘട്ടത്തിലും സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ അടിയന്തിരമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി ലോക്‌സഭയിൽ പ്രസ്താവിച്ച അതേ ദിവസം തന്നെ പരസ്യത്തിനായി പൊലീസ് വകുപ്പിനെ ബന്ധപ്പെടുത്തി നടത്തിയ വ്യാജ വീഡിയോ അപകടകരമായ സാഹചര്യം സൃഷ്ട്ടിക്കുമെന്നും ശ്രീജിത്ത് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സിനിമയുടെ ആവശ്യത്തിനായോ, പരസ്യങ്ങളുടെ ആവശ്യത്തിനായോ പൊലീസ് വകുപ്പിനെയും അതിന്റെ പേരും ഔദ്യോഗിക വിവരങ്ങളും മുൻകൂർ അനുമതി ഇല്ലാതെ വ്യാജമായി ഉപയോഗപ്പെടുത്തുന്നതും പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിക്കുന്നതും ഇന്ത്യൻ പീനൽകോഡിലെ 107, 117, 182 തുടങ്ങിയ വിവിധ വകുപ്പുകളും, ഐ.ടി ആക്റ്റിലെ വിവിധ വകുപ്പുകളും, ക്രിമിനൽ പ്രൊസീജ്യർ കോഡിലെ വകുപ്പുകളും, കേരള പൊലീസ് ആക്റ്റിലെ വകുപ്പുകളും പ്രകാരം കുറ്റകരമാണ് എന്നുമാണ് ശ്രീജിത്ത് പരാതിയിൽ ആരോപിക്കുന്നത്.
വീഡിയോ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യാൻ നടപടിയുണ്ടാകണമെന്നും ശ്രീജിത്ത് പരാതിയിൽ പറയുന്നു.