സിക്‌സില്ലാതെ രോഹിത്, മുട്ടിക്കളിച്ച് ധോണി, റൺറേറ്റ് കണ്ടില്ലെന്ന് നടിച്ച് കോഹ്ലി; ബർമിങ്ങാമിൽ സംഭവിച്ചത്

27

ഇംഗ്ലണ്ട് ലോകകപ്പ് മൽസരത്തിൽ ഉയർത്തിയ 338 റൺസെന്നത് ചേസിങ്ങിന്റെ രാജാവ് നയിക്കുന്ന ഇന്ത്യൻ ടീമിന് ബാലികേറാമലയായിരുന്നോ? അവസാന അഞ്ച് ഓവറിൽ ലോകോത്തര ഫിനിഷറായ ധോണി സിംഗളുകളെടുത്ത് കളിച്ചത് എന്തിന്? കൂറ്റനടിക്കാരനായ രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നും എന്തുകൊണ്ട് ഒരു സിക്‌സർ പോലും പറന്നില്ല. ആദ്യ പത്ത് ഓവറിൽ കോഹ്ലിയും രോഹിത്തും റൺറേറ്റ് കാത്തു സൂക്ഷിക്കാതെ കളിച്ചത് എന്തിന്? ഇന്ത്യ ജയിക്കാൻ വേണ്ടിയല്ല ഇംഗ്ലണ്ടിനെതിരെ കളിച്ചതെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഈ സംശയങ്ങൾ.

അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 306 റൺസിൽ കോഹ്ലിയും സംഘവും കളി അവസാനിപ്പിക്കുമ്‌ബോൾ വഴിയടഞ്ഞത് പാകിസ്ഥാൻ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളുടേതാണ്. ഒപ്പം നിരവധി സംശയങ്ങളും ബലപ്പെട്ടു. ഇന്ത്യയുടെ പരാജയത്തിന് കാരണം ധോണിയുടെ മെല്ലപ്പോക്കല്ല. ബാറ്റിംഗിലെ പിഴവ് കൊണ്ടു മാത്രമാണ് കളി കൈവിടേണ്ടി വന്നതെന്നാണ് കണക്കുകൾ പറയുന്നത്. സ്‌കോർ ബോർഡിൽ വെറും എട്ടു റൺസുള്ളപ്പോഴാണ് പൂജ്യനായി ലോകേഷ് രാഹുൽ പുറത്താകുന്നത്. ഇതാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ തകർച്ചയ്ക്ക് പ്രധാന കാരണം.ആദ്യ മൂന്ന് ഓവർ മെയ്ഡനാക്കിയ ക്രിസ് വോക്‌സ് തുടക്കത്തിലേയുള്ള ഇന്ത്യയുടെ റണ്ണൊഴുക്ക് തടഞ്ഞു. കോഹ്ലി -രോഹിത് സഖ്യം ക്രീസിൽ ഒത്തു ചേർന്നെങ്കിലും ആവശ്യമായ റൺറേറ്റ് കാത്തുസൂക്ഷിക്കാൻ ഇവർക്കായില്ല. ആദ്യ പത്ത് ഓവറിൽ ഇവർക്ക് ചേർക്കാനായത് വെറും 28 റൺസ് മാത്രം.

Advertisements

രണ്ടാം വിക്കറ്റിൽ 155 പന്തു നേരിട്ട സഖ്യം നേടിയതാകട്ടെ 138 റൺസും. കോഹ്ലി പുറത്തായതിനു പിന്നാലെ ഋഷഭ് പന്ത് വന്നെങ്കിലും മുതിർന്ന താരമായ രോഹിത് മെല്ലപ്പോക്ക് തുടർന്നു. യുവതാരം സ്ട്രൈക്ക് കൈമാറി നൽകിയെങ്കിലും രോഹിത് പ്രതിരോധത്തിലൂന്നി കളിച്ചു. സെഞ്ചുറിക്ക് പിന്നാലെ രോഹിത്ത് പുറത്താകുക കൂടി ചെയ്തതോടെ റൺറേറ്റ് കുതിച്ചുയർന്നു. പന്ത് പാണ്ഡ്യ കൂട്ടുകെട്ട് ഇന്ത്യയെ വിജയിപ്പിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ 28 റൺസ് കൂട്ടിച്ചേർക്കാനെ ഇവർക്കായുള്ളൂ.

ധോണി പാണ്ഡ്യ ജോഡികൾ ക്രീസിൽ നിന്നപ്പോൾ ഇംഗ്ലണ്ട് സമ്മർദ്ദത്തിലായി. പാണ്ഡ്യയുടെ ബാറ്റിംഗാണ് അവരിൽ ഭയമുണ്ടാക്കിയത്. 41 റൺസ് കൂട്ടിച്ചേർത്ത ഇരുവരും നാല് ഓവറുകൾ കൂടി ക്രീസിൽ നിന്നിരുന്നുവെങ്കിൽ കളി ഇന്ത്യയുടെ വരുതിയിലാകുമായിരുന്നു. എന്നാൽ, അവസാന ഓവറുകളിൽ ജാദവ് – ധോണി സഖ്യം സിംഗളുകൾ മാത്രം നേടാൻ ശ്രമിച്ചത് എന്തിനാണെന്ന സംശയം ആശങ്കപ്പെടുത്തുന്നതാണ്. 31 പന്തിൽ ജയിക്കാൻ 71 റൺസ് എന്ന നിലയിലാണ് ഇവർ ഒന്നിച്ചത്.

പക്ഷേ, തോൽവി ഉറപ്പിച്ചതു പോലെ കളിച്ച ഇരുവരും അവസാന അഞ്ച് ഓവറിൽ അഞ്ചു വിക്കറ്റ് ബാക്കിനിൽക്കെ നേടിയത് 39 റൺസ് മാത്രം. ഐപിഎല്ലിൽ ഇത്തരം ഘട്ടങ്ങൾ കൈകാര്യം ചെയ്ത് ടീമിനെ വിജയിത്തിലെത്തിക്കുന്ന ധോണിയിൽ നിന്നാണ് ഈ സ്‌കോറിംഗ് കണ്ടതെന്നാണ് ആശങ്കയും സംശയവും ഉണ്ടാക്കുന്നത്. ധോണിക്ക് ഈസിയായി എത്തിപ്പിടിക്കാവുന്ന റൺസായിരുന്നു ഇതെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.

Advertisement