ദിലീപ് സ്വമേധയാ രാജിവെച്ചതല്ല; ദിലീപ് അനുകൂലികളെ തള്ളി അമ്മ സംഘടനാ റിപ്പോർട്ട്

18

കൊച്ചിയിലെ നടിയുടെ വിഷയത്തിൽ ഉൾപ്പെട്ട നടൻ ദിലീപ് താരസംഘടനയായ അമ്മയിൽ നിന്നും സ്വമേധയാ രാജിവെച്ചതല്ല. പ്രസിഡന്റ് മോഹൻലാൽ രാജി ചോദിച്ചു വാങ്ങുകയായിരുന്നു. അമ്മയുടെ വാർഷിക ജനറൽ ബോഡിയിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ദിലീപ് സ്വമേധയാ രാജിവെക്കുകയായിരുന്നു എന്ന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ നിലപാട് ഔദ്യോഗികമായി ഖണ്ഡിക്കുന്നതാണ് ഇടവേള ബാബുവിന്റെ റിപ്പോർട്ട്. ഏറെ വിവാദമായ കഴിഞ്ഞ വർഷത്തെ ജനറൽ ബോഡി യോഗത്തിൽ ദീലീപിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യവും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

Advertisements

നടി ഊർമ്മിള ഉണ്ണിയാണ് വിഷയം ഉന്നയിച്ചതെന്നും ഐകകണ്ഠ്യേന കയ്യടിച്ചാണ് ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭാവന, റിമ കല്ലിങ്കൽ, ഗീതുമോഹൻദാസ്, രമ്യ നമ്ബീശൻ എന്നിവരുടെ രാജി അംഗീകരിച്ചെന്നും, രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായി നിർവാഹക സമിതി ചർച്ച നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.

എന്നാൽ ചർച്ച ഏതു വിഷയവുമായി ബന്ധപ്പെട്ടാണ് എന്നതുൾപ്പെടെയുള്ള മറ്റു വിശദാംശങ്ങളൊന്നും റിപ്പോർട്ടിലില്ല. നടൻ അലൻസിയർ വിശദീകരണം നൽകിയതായി പറയുന്നിടത്തും ഏത് വിഷയത്തിലാണ് എന്നത് റിപ്പോർട്ടിൽ മൗനം പാലിക്കുകയാണ്. സംഘടനയെ വിമർശിക്കുന്ന പരസ്യപ്രസ്താവനകൾ അച്ചടക്കലംഘനമായി കണ്ട് വിലക്കുന്ന ഭേദഗതി നിർദേശം അംഗീകരിക്കപ്പെട്ടില്ലെങ്കിലും പരസ്യപ്രസ്താവന നടത്തി അപഹാസ്യരാകരുതെന്ന് സംഘടനാറിപ്പോർട്ടിലും നിർദേശിക്കുന്നുണ്ട്.

Advertisement