മെഗാസ്റ്റാർ മമ്മൂട്ടിയുടെ കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള സമീപകാല ലുക്കുകളിൽ വലിയ ശ്രദ്ധ നേടിയ ഒന്നാണ് പതിനെട്ടാം പടിയിലേത്. ജോൺ എബ്രഹാം പാലയ്ക്കൽ എന്ന സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറാണ് മമ്മൂട്ടിയുടെ എക്സ്റ്റൻഡഡ് കാമിയോ വേഷം. ചിത്രീകരണം പുരോഗമിക്കുന്നതിനിടെ, മാസങ്ങൾക്ക് മുൻപ് മമ്മൂട്ടി കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. മുടി സ്വൽപം വളർത്തി പിന്നിൽ കെട്ടിവെച്ച്, പാന്റ്‌സും വൈറ്റ് ഷർട്ടും മുകളിലൂടെ കറുത്ത ഒരു ലൂസ് ഓവർ കോട്ടുമൊക്കെയണിഞ്ഞ കഥാപാത്രം ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് മുന്നിൽ നിൽക്കുന്നതായിരുന്നു പുറത്തുവന്ന ചിത്രത്തിൽ.
മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും സ്റ്റൈലിഷ് അപ്പിയറൻസ് എന്ന് പേരെടുത്ത ആ ലുക്ക് തീരുമാനിച്ചതിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ ശങ്കർ രാമകൃഷ്ണൻ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ. സിനിമയുടെ കൺസെപ്റ്റ് ആർട്ടിസ്റ്റ് അഭിലാഷ് നാരായണനാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ രേഖാ ചിത്രീകരണം ആദ്യം നടത്തിയതെന്ന് പറയുന്നു ശങ്കർ രാമകൃഷ്ണൻ.
പിന്നീട് അതിൽ വർക്ക് ചെയ്തു. ലിനൻ കോട്ടൺ വസ്ത്രങ്ങളാണ് കഥാപാത്രം ധരിയ്ക്കുന്നത്. വാച്ച്, ഗ്ലാസ് എന്നിവയെല്ലാം ഞങ്ങൾ വളരെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത ബ്രാൻഡുകളാണ്. ചിത്രത്തിലെ ഒരു പ്രധാന സീനിൽ മമ്മൂക്ക ഒരു പ്രത്യേക ഇന്റീരിയറിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം പുറത്തുവിടാനാണ് പദ്ധതിയിട്ടിരുന്നത്.
എന്നാൽ അത് പിന്നീട് ആതിരപ്പിള്ളിയുടെ പശ്ചാത്തലത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു. വേനലായതുകൊണ്ട് വെള്ളമുണ്ടാകുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ആ തീരുമാനം ക്ലിക്ക് ചെയ്തു, ശങ്കർ രാമകൃഷ്ണൻ പറഞ്ഞവസാനിപ്പിക്കുന്നു. മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജും ആര്യയും ഉണ്ണി മുകുന്ദനുമൊക്കെ അതിഥിവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ നിർമ്മാണം ഓഗസ്റ്റ് സിനിമയാണ്. ഛായാഗ്രഹണം സുദീപ് ഇശമൺ. സംഗീതം എ എച്ച് കാഷിഫ്.
15 തീയേറ്റർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ 65 പുതുമുഖ അഭിനേതാക്കളുണ്ട് പതിനെട്ടാം പടിയിൽ. അപേക്ഷ അയച്ച 18,000 പേരിൽ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാമ്പും വഴിയാണ് 65 പേരെ തെരഞ്ഞെടുത്തത്. ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാർ, മണിയൻപിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്‌സ്, നന്ദു, മനോജ് കെ ജയൻ, മാലാ പാർവ്വതി എന്നിങ്ങനെ ഒരു താരനിരയും ചിത്രത്തിൽ കഥാപാത്രങ്ങളാവുന്നുണ്ട്.