ലോകകപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യൻ ഓപ്പണർ രോഹിത്ത് ശർമ്മയെ പുറത്താക്കിയ മൂന്നാം അമ്പയറുടെ നടപടി വിവാദത്തിൽ. റോഞ്ചിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഹോപ്പ് പിടിച്ചാണ് രോഹിത്ത് ശർമ്മ പുറത്തായത്.
എന്നാൽ പന്ത് ബാറ്റിൽ തട്ടിയോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നു. രോഹിത്തിനെതിരെ വിൻഡീസ് അപ്പീൽ അനുവദിക്കാൻ ഫീൽഡ് അമ്പയർ തയ്യാറായില്ല. ഇതോടെ വിൻഡീസ് ഡിആർഎസ് ചലഞ്ച് ചെയ്യുകയായിരുന്നു. തുടർന്നാണ് മൂന്നാം അമ്പയർ റിപ്ലേ പരിശോധിച്ച് വിക്കറ്റ് വിധിച്ചത്.
എന്നാൽ റിപ്ലേയിൽ പന്ത് പ്യാഡിലാണോ കൊണ്ടതെന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നു. അമ്പയറിംഗ് തീരുമാനം അംഗീകരിക്കാൻ രോഹിത്തും തയ്യാറായില്ല. തലകൊണ്ട് അതൃപ്തി പരസ്യമാക്കി കെണ്ടാണ് രോഹിത്ത് ക്രീസ് വിട്ടത്. രോഹിത്തിൻറെ ഭാര്യയുടെ മുഖത്തെ നിരാശയും ക്യാമറകൾ ഒപ്പിയെടുത്തു.
നിരവധി ആരാധകർ ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ രംഗത്ത് വരുന്നുണ്ട്. വ്യാപക പ്രതിഷേധമാണ് ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.മത്സരത്തിൽ 23 പന്തിൽ 18 റൺസാണ് രോഹിത്ത് സ്വന്തമാക്കിയത്. ഒരു ഫോറും ഒരു സിക്സും താരം നേടിയിരുന്നു.