കേരളത്തിലെ വാഹന ഡീലർമാരുടെ വിൽപ്പന തടയാൻ മോട്ടോർ വാഹനവകുപ്പ്, കാരണം ഇതാണ്

29

കൊച്ചി: വിറ്റ വാഹനത്തിന് ഒരാഴ്ചയ്ക്കുള്ളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ വിതരണംചെയ്യാത്ത വാഹന ഡീലർമാരുടെ വിൽപ്പന തടയാൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചു.

അതിസുരക്ഷാ നമ്പർപ്ലേറ്റ് നൽകാത്ത ഡീലർമാരുടെ പുതിയ അപേക്ഷകൾ പിന്നെ സ്വീകരിക്കില്ല. ഇവർ വിൽക്കുന്ന പുതിയ വാഹനങ്ങൾക്ക് താത്കാലിക പെർമിറ്റും നൽകില്ലെന്നും മറ്റു സേവനങ്ങളും തടയുമെന്നും മോട്ടോർവാഹനവകുപ്പ് അറിയിച്ചു.

Advertisements

കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പുതിയ നിബന്ധനപ്രകാരം നിർമാതാക്കളാണ് അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ നൽകേണ്ടത്. വാഹനഡീലർമാർ വഴിയാണ് ഇവ വിതരണം ചെയ്യേണ്ടതും. എന്നാൽ മിക്ക ഡീലർമാരും അതിസുരക്ഷാ നമ്പർപ്ലേറ്റ് അച്ചടിക്കുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ല.

2019 ഏപ്രിൽ മുതൽ നിർമിച്ചിട്ടുള്ള വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാണ്. അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർമിക്കുമ്പോൾ ലഭിക്കുന്ന ഒമ്പതക്ക സുരക്ഷാ കോഡ്, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ വാഹൻ വെബ്സൈറ്റിൽ ഉൾക്കൊള്ളിച്ചാലേ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് എടുക്കാനാവൂ.

വാഹന ഡീലറാണ് ഈ നമ്പർ വെബ്സൈറ്റിൽ നൽകേണ്ടത്. ഇതിനുശേഷമേ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ആർ.സി പ്രിന്റ് എടുക്കാനാവൂ.

അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ ഏർപ്പെടുത്തുന്നതിൽ ഡീലർമാർ വീഴ്ച വരുത്തിയതിനാൽ ആർ.സി. വിതരണം മുടങ്ങിയിട്ടുണ്ട്.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനുവേണ്ടി ദിവസവും ഒട്ടേറെ വാഹനഉടമകളാണ് ആർ.ടി. ഓഫീസുകളിൽ എത്തുന്നത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് പഴികേൾക്കേണ്ട അവസ്ഥയിലാണ് മോട്ടോർവാഹനവകുപ്പും.

വാഹനം റജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഡീലർ അതിസുരക്ഷാ നമ്പർപ്ലേറ്റ് നൽകണമെന്നാണ് കേന്ദ്രനിയമം.

Advertisement