ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പിൽ അപ്രതീക്ഷിതമായി ഇന്ത്യയെ കുറഞ്ഞ സ്‌കോറിൽ പിടിച്ചുകെട്ടി അട്ടിമറി സ്വപ്നം കണ്ട അഫ്ഗാൻ ഒടുവിൽ കീഴടങ്ങി.
അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ കൃത്യതയ്ക്ക് മുന്നിലാണ് അഫ്ഗാൻ വീര്യം എരിഞ്ഞടങ്ങിയത്.
11 റൺസിന്റെ പരാജയമാണ് മുഹമ്മദ് നബിയുടെ അർധ ശതകത്തിന്റെ കരുത്തിൽ പോരാട്ടവീര്യം പ്രകടിപ്പിച്ച അഫ്ഗാൻ ഏറ്റുവാങ്ങിയത്.
നബിയുടേത് ഉൾപ്പെടെ അവസാന ഓവറിലെ മൂന്ന് നാല് അഞ്ച് പന്തുകളിൽ വിക്കറ്റുകൾ നേടി ഹാട്രിക് നേടിയ ഷമിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ഷമി ഹാട്രിക് ഉൾപ്പടെ നാല് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ബുമ്ര, ചഹാൽ, പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.
ജ സ്പ്രീത് ബുമ്രയും ഷമിയും മികവ് പ്രകടിപ്പിച്ചതോടെ അവസാന ഓവറിൽ അഫ്ഗാന് വിജയിക്കാൻ 16 റൺസ് എന്ന നിലയിലായി.
ഷമി എറിഞ്ഞ ഓവറിന്റെ ആദ്യ പന്ത് തന്നെ ഫോർ നേടി നബി അർധ ശതകം കുറിച്ചു. എന്നാൽ, മൂന്നാം പന്തിൽ നബി വീണതോടെ അഫ്ഗാൻറെ കഥയും കഴിഞ്ഞു.
തൊട്ടടുത്ത പന്തുകളിൽ അഫ്ദാബ് ആലമിനെയും മുജീബിനെയും ക്ലീൻ ബൗൾഡ് ചെയ്ത് 2019 ലോകകപ്പ് അരങ്ങേറ്റം ഷമി അവിസ്മരണീയമാക്കി. ഇതിനൊപ്പം ഒരു ചരിത്ര നേട്ടവും ഷമി പേരിലെഴുതി.
ലോകകപ്പിൽ ചേതൻ ശർമയ്ക്ക് ശേഷം ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനായാണ് ഷമി മാറിയത്. 1987 ലോകകപ്പിലാണ് ചേതൻ ശർമ ഹാട്രിക് നേടിയത്.
അന്ന് ന്യൂസിലൻഡായിരുന്നു എതിരാളികൾ. 2019 ലോകകപ്പിലെ ആദ്യ ഹാട്രിക്കും കൂടെയാണ് ഷമി സ്വന്തമാക്കിയത്.