മുഖ്യമന്ത്രി സംസാരിക്കുമ്പോൾ ബഹളംവെച്ച ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു, ഈ പോസ്റ്റിന് ഫാൻസിന്റെ എല്ലാ തെറിവിളികളും ഏറ്റുവാങ്ങുന്നു: ഹരീഷ് പേരടി

16

സൂപ്പർസ്റ്റാർ മോഹൻലാലും മുഖ്യമന്ത്രി പിണറായി വിജയനും രണ്ട് ദിവസങ്ങൾക്ക് മുൻപ് ഒന്നിച്ചെത്തിയ ഒരു വേദിയിൽ മോഹൻലാൽ ആരാധകരുടെ ശബ്ദകോലാഹലങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടായത് ചർച്ചയായിരുന്നു.

എന്നാൽ മോഹൻലാൽ ആരാധകർക്ക് വേദിയിൽ വെച്ച് തന്നെ തക്കതായ മറുപടി നൽകുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മാത്രമല്ല, മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Advertisements

മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ബഹുമാനം നൽകാതെയുള്ള ഫാൻസിന്റെ ഈ പെരുമാറ്റം ശരിയായില്ല എന്ന വിമർശനങ്ങളും ഉയർന്നിരുന്നു.

അതേസമയം, വേദിയിൽ വെച്ച് ഇതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതിരുന്ന മോഹൻലാലിന്റെ പെരുമാറ്റവും വിമർശനങ്ങൾക്ക് വഴിവെച്ചു.

ഇക്കാര്യം മോഹൻലാലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണ് നടൻ ഹരീഷ് പേരടി. മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തെ സംസാരിക്കാൻ സമ്മതിക്കാതെ ആർപ്പു വിളിച്ച ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു എന്നാണ് ഹരീഷ് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷിന്റെ പ്രതികരണം.

‘മോദിയായാലും അമിത് ഷായായാലും ഉമ്മൻ ചാണ്ടിയായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാൻസും ബഹുമാനിച്ചെ പറ്റു.

അതല്ലെങ്കിൽ ജനാധിപത്യ രീതിയിലൂടെ അവർക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം.

ലോക സിനിമയിലെ നല്ല പത്ത് നടൻമാരിൽ ഒരാളാണ് എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടൻ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിക്കുന്നു.’ ഹരീഷ് കുറിച്ചു.

‘ഒച്ചയുണ്ടാക്കുന്നവർക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവർ ബോധവാൻമാരല്ല. അതുകൊണ്ടാണ് അവരിങ്ങനെ ഇടയ്ക്കിടെ ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

ഇനി ഇതുകൊണ്ടിവർ അതവസാനിപ്പിക്കുമെന്നൊന്നും കരുതണ്ട, ഇതവസാനം വരെ തുടർന്നു കൊണ്ടിരിക്കും’ മോഹൻലാൽ ആരാധകരോട് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു. മോഹൻലാൽ വേദിയിൽ ഇരിക്കുമ്‌ബോൾ തന്നെയാണ് മുഖ്യമന്ത്രി ഇത്തരത്തിൽ സംസാരിച്ചത്.

ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രി സംസാരിക്കുമ്‌ബോൾ അദ്ദേഹത്തെ സംസാരിക്കാൻ സമ്മതിക്കാതെ ആർപ്പു വിളിച്ച ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു.

അത് പിണറായിയായാലും മോദിയായാലും അമിത് ഷായായാലും ഉമ്മൻ ചാണ്ടി യായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാൻസും ബഹുമാനിച്ചെ പറ്റു.

അതല്ലങ്കിൽ ജനാധിപത്യ രീതിയിലൂടെ അവർക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം.

ലോക സിനിമയിലെ നല്ല പത്ത് നടൻമാരിൽ ഒരാളാണ് എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടൻ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട്.

എന്റെ ഈ പോസ്റ്റിന് ഫാൻസിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു. ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോൾ നിങ്ങളുടെ പൂച്ചെണ്ടുകൾ ഞാൻ ഏറ്റു വാങ്ങിയിട്ടുണ്ട്. അതിന് നന്ദിയും പറയുന്നു എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും.

Advertisement