ലോകകപ്പിൽ പാകിസ്ഥാനെതിരായ ജയത്തോടെ ഇന്ത്യ സെമിബര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ചു. പാകിസ്ഥാനാകട്ടേ അവസാന നാല് മത്സരങ്ങളും നിര്‍ണായകമായി.
ദക്ഷിണാഫ്രിക്ക , ഓസ്ട്രേലിയ , ന്യുസീലന്‍ഡ് ,പാകിസ്ഥാന്‍. ആദ്യ നാല് മത്സരങ്ങളില്‍ ഇന്ത്യക്ക് നേരിടേണ്ടിയിരുന്നത് കരുത്തരായ ടീമുകളെയായിരുന്നു.
ഇതില്‍ മൂന്നിലെങ്കിലും ജയിച്ചാൽ സെമി ഉറപ്പിക്കാമെന്നായിരുന്നു ലോകകപ്പിനു മുന്‍പുള്ള ഇന്ത്യയുടെ കണക്കകൂട്ടൽ.
മൂന്ന് വമ്പന്മാര്‍ക്കെതിരായ ജയവും ന്യുസീലന്‍ഡിനെതിരെ മഴ സമ്മാനിച്ച ഒരു പോയിന്‍റുമായപ്പോള്‍ കോലിപ്പട സെമി ഏറെക്കുറെ ഉറപ്പിച്ചു.
ഈ മാസം 30ന് ഇംഗ്ലണ്ടിനെതിരായ പോരാട്ടമാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ് ഇംഗ്ലണ്ട്.
താരതമ്യേനെ ദുര്‍ബലരായ അഫ്ഗാനെയും വിന്‍ഡീസിനെയും ലങ്കയെയും ബംഗ്ലാദേശിനെയും ഇന്ത്യയ്ക്ക് മറികടക്കാമെന്നാണ് പ്രതീക്ഷ.
മൂന്നു പോയിന്‍റുമായി ഒന്‍പതാം സ്ഥാനത്താണെങ്കിലും, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ അവസാനിച്ചത് പാകിസ്ഥാനും ആശ്വാസമാകും.
ദക്ഷിണാഫ്രിക്ക, ന്യുസീലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളെയാണ് ഇനി പാകിസ്ഥാന് നേരിടേണ്ടത്. എല്ലാം ജീവന്മരണപോരാട്ടങ്ങള്‍.
മുഹമ്മദ് ആമിറെന്ന ഒറ്റയാനിലേക്ക് ചുരുങ്ങുന്ന പാകിസ്ഥാന്‍ സെമിയിലെത്തിയാൽ മഹാത്ഭുതമാകും.അവസാന 14 ഏകദിനങ്ങളില്‍ ഒന്നിൽ മാത്രമേ പാകിസ്ഥാന്‍ ജയിച്ചിട്ടുള്ളൂ