മുംബായ്: ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി.
പരാതിയില്‍ ബിനോയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബീഹാര്‍ സ്വദേശിനിയായ യുവതി ഉന്നയിച്ചിരിക്കുന്നത്.
പരാതി ഇങ്ങനെ
ഒരു ദരിദ്ര കുടുംബത്തിലാണ് താന്‍ ജനിച്ചത്. 2007ല്‍ പിതാവ് മരിച്ചു. ശേഷം മുംബയിലെ സഹോദരിയുടെ വീട്ടിലെത്തി അവിടെനിന്ന് ഡാന്‍സ് പഠിച്ച് 2009ല്‍ ചില സുഹൃത്തുകളുടെ സഹായത്തോടെ ദുബായിലേക്ക് പോയി, ഡാന്‍സ് ബാറില്‍ ജോലിക്ക് കയറി.
ബാറിലെ നിത്യ സന്ദര്‍ശകനായിരുന്നു ബിനോയ്. മലയാളിയാണെന്നും ദുബായില്‍ കെട്ടിട നിര്‍മ്മാണ ബിസിനസാണെന്നും പറഞ്ഞ് തന്നെ പരിചയപ്പെട്ടു.
മിക്കപ്പോഴും വിലകൂടിയ സമ്മാനങ്ങളും പണവും നല്‍കി, ജോലി ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കി.
ബിനോയിയുടെ വീട്ടില്‍ താന്‍ പോയിട്ടുണ്ട്. 2009 നവംബറില്‍ ബിനോയില്‍ നിന്ന് ഗര്‍ഭം ധരിച്ചു. 2010 ജൂലൈ 22ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
അതിനുശേഷം തിരിച്ച് മുംബയിലേക്ക് പോയി. തന്നെ വിവാഹം കഴിച്ചോളാമെന്ന് അമ്മയ്ക്കും സഹോദരിക്കും വാഗ്ദാനം നല്‍കി
.
അന്ധേരി വെസ്റ്റില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അവിടെ താമസിച്ചു. ബിനോയ് ദുബായില്‍ നിന്ന് ഇടയ്ക്കിടെ വന്നുപോയി. വീടിന്റെ വാടകയും വീട്ടുചെലവുമൊക്കെ നോക്കിയിരുന്നത് ബിനോയിയായിരുന്നു.
എന്നാല്‍ 2015ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കാന്‍ ബുദ്ധിമുട്ടാണെന്നും അറിയിച്ചു. അങ്ങോട്ട് വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്ന് അറിയുന്നത്. 2019 ല്‍ വീണ്ടും താന്‍ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബിനോയിയുടെ കുടുംബാംഗങ്ങളുള്‍പ്പെടെയുള്ളവര്‍ തന്നെ ഭീഷണിപ്പെടുത്തി.
ബിനോയിക്കെതിരെ മുംബയ് ഓഷിവാര പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് 33 കാരിയായ യുവതി പരാതി നല്‍കിയത്.
അതേസമയം ഇത് ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമാണെന്നും കേസ് നിയമപരമായി നേരിടുമെന്നുമാണ് ബിനോയിയുടെ പ്രതികരണം.