മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയെ എന്നും എപ്പോഴും വേറിട്ടുനിർത്തുന്നത് അദ്ദേഹത്തിന് അഭിനയത്തോടുള്ള അടങ്ങാത്ത ആവേശമാണ്.
ഒരു പുതുമുഖനടന്റെ ആവേശത്തിലാണ് അദ്ദേഹം ഓരോ സിനിമയെയും സമീപിക്കുന്നത്. കഥാപാത്രം വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞാൽ പിന്നെ, പുതുമയുണ്ടെന്ന് കണ്ടെത്തിയാൽ പിന്നെ ആ ആവേശം പരകോടിയിലെത്തും.
എഴുപതോളം പുതുമുഖ സംവിധായകരെ പരിചയപ്പെടുത്തിയ നായകനാണ് മമ്മൂട്ടി. ഇന്ന് മലയാളം ഇൻഡസ്ട്രിയിൽ നിറഞ്ഞുനിൽക്കുന്ന പല പ്രമുഖ സംവിധായകരും മമ്മൂട്ടിച്ചിത്രം ചെയ്താണ് തുടങ്ങിയത്.
എന്നാൽ അതൊരു വലിയ കാര്യമായി മമ്മൂട്ടി കാണുന്നില്ല. മാത്രമല്ല അത്, തൻറെ സ്വാർത്ഥതയാണെന്നാണ് അദ്ദേഹം പറയുന്നത്.
പുതിയ സംവിധായകരെ വച്ച് പരീക്ഷണം നടത്തുകയല്ല താൻ ചെയ്യുന്നതെന്ന് മമ്മൂട്ടി പറയുന്നു. പുതിയതായി വരുന്ന ആളുകളുടെ കൈയിൽ എന്തെങ്കിലും പുതിയ സംഭവങ്ങൾ കാണും.
അത് അടിച്ചുമാറ്റാനുള്ള ദുരാഗ്രഹമാണ് എന്നിലുള്ളത്. അതൊരു പരീക്ഷണമാണെന്ന് പുറത്തുപറയുന്നു എങ്കിലും സത്യത്തിൽ അതെൻറെ സ്വാർത്ഥതയാണ് എന്നാണ് മമ്മൂട്ടി വ്യക്തമാക്കുന്നത്.
പുതുമകൾ കണ്ടെത്താനുള്ള ആ സ്വാർത്ഥതയിൽ നിന്നാണ് മലയാളികൾക്ക് അഭിമാനിക്കാവുന്ന മിക്ക സിനിമകളും പിറക്കുന്നത്.
നാലുപതിറ്റാണ്ടുകൾ മലയാള സിനിമ ഭരിച്ചിട്ടും ഇന്നും ഒന്നാമനായി നിൽക്കാൻ മമ്മൂട്ടിയെ സഹായിക്കുന്നതും ആ സ്വാർത്ഥത തന്നെ.