പശുവിഴുങ്ങിയ 5 പവന്റെ സ്വർണ താലിമാല രണ്ട് വർഷത്തിന് ശേഷം ചാണകത്തിൽ നിന്നും കിട്ടി, അത്ഭുത സംഭവം കരവാളൂരിൽ

131

കൊല്ലം: രണ്ട് വർഷം മുൻപാണ് തുടയന്നൂർ തേക്കിൽ സ്വദേശി ഇല്യാസിന്റെ ഭാര്യയുടെ താലിമാല കാണാതാകുന്നത്.

ദുരൂഹസാഹചര്യത്തിലാണ് മാല അപ്രത്യക്ഷമാകുന്നത്. സംഭവസമം അവരുടെ കറുമ്പി പശു മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.

Advertisements

അരിച്ചുപെറുക്കി നോക്കിയിട്ടും മാല കിട്ടാതിരുന്നതോടെ അഞ്ച് പവന്റെ മാല അവർ അങ്ങ് മറന്നു. പശുവിനേയും വിറ്റു.

വർഷങ്ങൾക്ക് ശേഷം ഫേസ്ബുക്കിൽ വന്ന കുറിപ്പിനൊപ്പമാണ് തങ്ങളുടെ മാല ഇല്യാസ് കാണുന്നത്.

അധ്യാപക ദമ്പതികളായ വയ്യാനം ഫജാൻ മൻസിലിൽ ഷൂജ ഉൾ മുക്കിനും ഷാഹിനയ്ക്കുമാണ് ഇവരുടെ മാല കിട്ടിയത്. ഇവർക്ക് മാല ലഭിച്ചതോ ചാണകത്തിൽ നിന്ന്.

കൃഷി ആവശ്യത്തിനായി ഇവർ ചാണകം വാങ്ങുന്ന പതിവുണ്ട്. വീടുകളിൽ നിന്നു ചാണകം ശേഖരിച്ചു വിൽപന നടത്തുന്ന കരവാളൂർ സ്വദേശി ശ്രീധരന്റെ കൈയിൽ നിന്ന് 6 മാസം മുൻപ് ഇവർ ചാണകം വാങ്ങിയിരുന്നു.

കൃഷിക്ക് എടുക്കുന്നതിനിടെ കഴിഞ്ഞ 5നാണ് ചാണകത്തിനിടയിൽ നിന്നും താലിയും മാലയും ദമ്പതികൾക്ക് ലഭിക്കുന്നത്.

താലിയിൽ ഇല്യാസ് എന്ന് എഴുതിയിരുന്നു. തുടർന്നാണ് മാലയുടെ ഉടമയെ കണ്ടെത്തുന്നതിനായി ഇവർ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നൽകിയത്.

ഇത് കണ്ടതോടെയാണ് ഇല്യാസ് ഫോണിൽ ഷൂജയുമായി ബന്ധപ്പെടുന്നത്.

2 വർഷം മുൻപു കാണാതായ മാലയാണിതെന്നും പശു വിഴുങ്ങിയതായി അന്നു തന്നെ സംശയം ഉണ്ടായിരുന്നെന്നും ഇല്യാസ് പറഞ്ഞു.

ഇതിനിടെ, പശുവിനെ ഇല്യാസ് വിറ്റു. പല കൈ മറിഞ്ഞ പശു ഇപ്പോൾ എവിടെയെന്ന് ആർക്കും അറിയില്ല. കറുത്ത പശുവാണെന്നതു മാത്രമാണ് ഏക തുമ്പ്.

ഇല്യാസാണു മാലയുടെ ഉടമയെന്നു ബോധ്യപ്പെട്ടതോടെ മാല തിരിച്ച് ഏൽപിക്കാനുള്ള തയാറെടുപ്പിലാണ് അധ്യാപക ദമ്പതികൾ. അടുത്ത ദിവസം പൊലീസിന്റെ സാന്നിധ്യത്തിൽ മാല നൽകും.

Advertisement