ഡേവിഡ് വാർണറുടെ സെഞ്ചുറിയും ഫിഞ്ചിന്റെ അർധസെഞ്ചുറിയും കൂടിയായതോടെ പാക്കിസ്ഥാനെതിരെ മികച്ച സ്‌കോറുമായി ഒസിസ്.
308 റൺസിന്റെ വിജയലക്ഷ്യമാണ് പാക്കിസ്ഥാന് മുന്നിൽ ഓസ്‌ട്രേലിയ ഉയർത്തിയിരിക്കുന്നത്. 49 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 307 റൺസെന്ന സ്‌കോറിലെത്തിയത്.
മികച്ച സ്‌കോറിലേക്ക് നീങ്ങിയ ഓസിസിനെ അവസാന ഓവറുകളിൽ മുഹമ്മദ് അമീറും സംഘവും പിടിച്ചുകെട്ടുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒസ്‌ട്രേലിയ തുടക്കം മുതൽ അടിച്ചുകളിച്ചു. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഓസ്‌ട്രേലിയ്ക്ക് ഉറപ്പുള്ള അടിത്തറ നൽകി.
ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് നായകൻ ആരോൺ ഫിഞ്ച് ക്രീസ് വിട്ടത്. മുഹമ്മദ് അമീറാണ് കൂട്ടുകെട്ട് പൊളിച്ചത്.
ടീം സ്‌കോർ 146ൽ നിൽക്കെയാണ് ഫിഞ്ചിന്റെ മടക്കം. 84 പന്തിൽ 82 റൺസായിരുന്നു നായകന്റെ സമ്ബാദ്യം, ഇതിൽ ആറ് ഫോറും നാല് സിക്‌സും ഉൾപ്പെടുന്നു.
ഫിഞ്ചിന് പിന്നാലെ എത്തിയ സ്മിത്തും ഗ്ലെൻ മാക്‌സ്വെല്ലും അതിവേഗം മടങ്ങിയെങ്കിലും വാർണർ ക്രീസിൽ തന്നെ നിലയുറപ്പിച്ചു.
സ്മിത്ത് പത്ത് റൺസുമായി മടങ്ങിയപ്പോൾ പത്ത് പന്തിൽ 20 റൺസ് നേടിയ ശേഷമാണ് ഗ്ലെൻ മാക്‌സ്വെൽ പുറത്തായത്.
എന്നാൽ വാർണർ സെഞ്ചുറി തികച്ച ശേഷമാണ് കൂടാരം കയറിയത്. 111 പന്തിൽ 11 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 107 റൺസാണ് വാർണർ അടിച്ചുകൂട്ടിയത്.
എന്നാൽ വാർണർ മടങ്ങിയതോടെ ഓസ്‌ട്രേലിയയുടെ റൺറേറ്റ് കുത്തനെ ഇടിഞ്ഞു. ഷോൺ മാർഷ് പൊരുതി നോക്കിയെങ്കിലും അധികം ആയുസുണ്ടായില്ല.
23 റൺസിന് മാർഷും പുറത്തായി. ഉസ്മാൻ ഖ്വാജയെ അമിറും പുറത്താക്കിയതോടെ ഓസ്‌ട്രേലിയ വീണ്ടും തകർച്ചയിലേക്ക്. 1
8 റൺസുമായാണ് ഖ്വാജ മടങ്ങിയത്. ഏഴമാനായി എത്തിയ അലക്‌സ് ക്യാരിയുടെ ചെറുത്തുനിൽപ്പും ഫലം കണ്ടില്ല. വാലറ്റം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞതോടെ ഓസ്‌ട്രേലിയൻ ഇന്നിങ്‌സ് 307 റൺസിന് അവസാനിച്ചു.
പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് അമിർ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷാഹിൻ അഫ്രീദി രണ്ടും ഹസൻ അലി വഹാബ് റിയാസ് മുഹമ്മദ് ഹഫീസ് എന്നിവർ ഒരോ വിക്കറ്റും സ്വന്തമാക്കി.
ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓസ്ട്രേലിയൻ ടീമിൽ സ്റ്റോയിനിസിന് പകരം ഷോൺ മാർഷും ആദം സാംപയ്ക്ക് പകരം കെയ്ൻ റിച്ചാർഡ്സണും എത്തി. ടോൻടൺ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
ഇന്ത്യയോട് പരാജയപ്പെട്ടെത്തുന്ന ഓസ്ടേലിയ വിജയവഴിയിൽ തിരിച്ചെത്തുകയാണ് ലക്ഷ്യമിടുന്നത്. ശ്രീലങ്കയുമായുള്ള മത്സരം മഴയിൽ ഉപേക്ഷിച്ചതോടെ പാക്കിസ്ഥാന് ഈ മത്സരം നിർണായകമാണ്.
ഇതുവരെ 103 തവണ പരസ്പരം ഏറ്റുമുട്ടിയതിൽ 67 ജയം ഓസീസിനും 32 ജയം പാക്കിസ്ഥാനും. പക്ഷേ കളത്തിൽ കണക്കിന് സ്ഥാനമില്ല.
ഇംഗ്ലണ്ടിനെതിരെ മുൻനിര ഫോമിലേക്കെത്തിയത് പാക്കിസ്ഥാന് ആശ്വാസമാണ്. അപ്പോഴും ബോളിങ് ഇപ്പോഴും പഴയ പ്രതാപത്തിന്റെ നിഴൽ മാത്രം.
മൂന്നിൽ രണ്ട് മത്സരങ്ങൾ ജയിച്ച ഓസ്ട്രേലിയ നാലാമതും മൂന്നിൽ ഒരു മത്സരം മാത്രം ജയിച്ച പാക്കിസ്ഥാൻ എട്ടാം സ്ഥാനത്തുമാണ്.
ഇന്ത്യയോട് ഏറ്റ പരാജയം മറയ്ക്കാൻ ഫിഞ്ചിനും കൂട്ടാളികൾക്കും ഇന്ന് ജയിക്കണം. ഇംഗ്ലണ്ടിനോട് ജയിച്ച ആത്മവിശ്വാസത്തിലാണ് സർഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്.
ഓസീസ് നിരയിൽ പരുക്കേറ്റ മാർക്കസ് സ്റ്റോയിനിസ് ഇന്ന് കളിക്കില്ല. ഇന്ന് ജയിച്ചാൽ ന്യൂസിലൻഡിനൊപ്പം പോയിന്റ് നിലയിൽ ഒന്നാമതെത്താം ഓസ്‌ട്രേലിയയ്ക്ക്.