തന്നെ ശരീരഭാരത്തിന്റെ പേരിൽ കളിയാക്കുന്നവർക്കു മറുപടിയുമായി വിദ്യാ ബാലൻ. പലപ്പോഴും ശരീരഭാരം വർധിക്കുന്നതിന്റെ പേരിൽ നിരവധിപേർക്ക് പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ട്.
ദിനംപ്രതി ഇത്തരത്തിൽ പരിഹാസമേൽക്കേണ്ടി വരുന്നവർക്ക് പ്രചോദനമാകാൻ പുതിയ വിഡിയോയുമായി എത്തുകയാണ് വിദ്യാ ബാലൻ.
മറ്റുള്ളവരുടെ രൂപത്തിലോ, നിറത്തിലോ തമാശ പറയരുത്. ഓരോ വ്യക്തിയും വ്യത്യസ്തമാണ്. അക്കാരണം കൊണ്ടാണ് ഓരോരുത്തരും പ്രത്യേകതയുള്ളവരായി മാറുന്നത്.
ധുൻ ബാദൽ കെ തോ ദേഖോ എന്ന തന്റെ റേഡിയോ ഷോയ്ക്ക് വേണ്ടി ചെയ്ത ബോധവത്ക്കരണ വിഡിയോയിൽ വിദ്യ പറയുന്നു.
കറുത്ത സാരി ചുറ്റി, മുഖത്തെമ്പാടും ഒലിക്കുന്ന മേക്ക്അപ് ധരിച്ചതാണ് ഈ വിഡിയോയിൽ വിദ്യ പ്രത്യക്ഷപ്പെടുന്നത്.
ഈ വിഷയത്തെപ്പറ്റി സംസാരിക്കുമ്‌ബോൾ പൊട്ടിക്കരയുന്ന വിദ്യയെ ഇവിടെ കാണാം. നമ്മളിൽ പലരും ബോഡി ഷെയ്മിങ്ങിന്റെ (ശരീരത്തെ അധിക്ഷേപിക്കൽ) ഇരകൾ ആവാൻ സാധ്യതയുള്ളവരാണ്.
നമ്മുടെ ശരീരം അയാഥാർത്ഥ്യമായ സൗന്ദര്യ സങ്കൽപ്പങ്ങളിൽ പെടാതെ വരുമ്പോൾ ലഭിക്കുന്ന ക്രൂരമായ പ്രതികരണങ്ങൾ ആണത്. എനിക്ക് പറയാനുള്ളത് ഇതാ, വിദ്യയുടെ ക്യാപ്ഷൻ ഇങ്ങനെ.
മുൻപും വിദ്യ ഇത്തരം അധിക്ഷേപിക്കലിനെതിരെ തുറന്നു സംസാരിച്ചിട്ടുണ്ട്.
സിനിമ ലോകത്ത് എത്തുന്നതിനും മുൻപ് തന്നെ പലരും തന്നോട് തന്റെ ശരീരത്തെ അധിക്ഷേപിക്കുന്ന തരത്തിൽ, ആത്മവിശ്വാസം കെടുത്തുന്ന രീതിയിൽ സംസാരിച്ചിട്ടുണ്ടെന്ന് വിദ്യ പറയുന്നു.
അടുത്തതായി അക്ഷയ് കുമാർ, സോനാക്ഷി സിൻഹ, തപ്സി പന്നൂ തുടങ്ങിയവർക്കൊപ്പം മിഷൻ മംഗലിൽ വിദ്യ വേഷമിടും.