ലോകകപ്പിൽ ട്രെൻഡ് ബ്രിഡ്ജിലെ റൺ ഒഴുകുന്ന പിച്ചിൽ പാക്കിസ്ഥാൻ ഉയർത്തിയ റൺ മലയ്ക്ക് മുന്നിൽ ബാറ്റ് വച്ച് കീഴടങ്ങി ഇംഗ്ലീഷ് പട.
ഏത് ഉയർന്ന സ്‌കോറും തങ്ങളുടെ ബാറ്റിംഗ് നിരയുടെ ആഴം കൊണ്ട് മറികടക്കാമെന്ന ഇയോൺ മോർഗന്റെയും സംഘത്തിന്റെ ആത്മവിശ്വാസത്തിന്റെ മുകളിലാണ് പാക് പട പതാക നാട്ടിയത്.
പാക്കിസ്ഥാൻ ഉയർത്തിയ 349 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുക്കാനെ സാധിച്ചുള്ളൂ.
ഇംഗ്ലണ്ടിനായി ജോ റൂട്ടും (107), ജോസ് ബട്‌ലർ (103) നേടിയ സെഞ്ചുറികൾ പാഴായി.
പാക്കിസ്ഥാനായി ഏറെ വിമർശനം കേട്ട വഹാബ് റിയാസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ശദബ് ഖാനും മുഹമ്മദ് അമീറും രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
ഇതോടെ 14 റൺസിൻറെ വിജയമാണ് സർഫ്രാസും സംഘവും നേടിയത്. നേരത്തെ, പാക്കിസ്ഥാനായി 62 പന്തിൽ 84 റൺസെടുത്ത മുഹമ്മദ് ഹഫീസ് ടോപ് സ്‌കോറർ ആയപ്പോൾ ബാബർ അസം (63), സർഫ്രാസ് (55) ഇമാം ഉൾ ഹഖ് (44) എന്നിവരും മികച്ച സംഭാവനകൾ നൽകി.
ഇംഗ്ലണ്ടിൻറെ പേസ് ബൗളർമാർ നിറംമങ്ങിയപ്പോൾ പത്ത് ഓവറിൽ 50 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മോയിൻ അലിയാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്.
ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്നും മാർക്ക് വുഡ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. വലിയ ലക്ഷ്യമെങ്കിലും ബാറ്റിംഗിനെ ഏറെ തുണയ്ക്കുന്ന പിച്ചിലേക്ക് മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടി ലഭിച്ചു.
കളത്തിൽ തൊട്ടതെല്ലാം പിഴച്ച ജേസൺ റോയിക്ക് ബാറ്റ് കൊണ്ടും ഒന്നും ചെയ്യാൻ സാധിച്ചില്ല. ശബബ് ഖാന് മുന്നിൽ കുരുങ്ങി റോയ് പുറത്താകുമ്പോൾ ഇംഗ്ലീഷ് സ്‌കോർ ബോർഡിൽ 12 റൺസ് മാത്രം.
പിന്നീടെത്തിയ ജോ റൂട്ടുമായി ചേർന്ന് ജോനി ബെയര്‍സ്റ്റോ സ്‌കോർ ബോർഡിലേക്ക് അതിവേഗം റൺസ് ചേർത്ത് തുടങ്ങി. എന്നാൽ ബെയര്‍സ്റ്റോ വീണതോടെ പാക്കിസ്ഥാൻ കളയിലേക്ക് തിരിച്ചെത്തി.
നായകൻ ഇയോൺ മോർഗനും ബെൻ സ്റ്റോക്‌സിനും ഒന്നും ചെയ്യാൻ സാധിക്കാതെ പോയതോടെ 118 റൺസിന് നാല് വിക്കറ്റ് എന്ന പരുങ്ങിയ നിലയിലായി ആതിഥേയർ.
പക്ഷേ, ഒരറ്റത്ത് നിലയുറപ്പിച്ച റൂട്ടിന് കൂട്ടായി ജോസ് ബട്‌ലർ വന്നതോടെ കാര്യങ്ങൾ മാറി. തൻറെ സ്വതസിദ്ധമായ രീതിയിൽ ബാറ്റ് വീശിയ ബട്‌ലർ പാക് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു.
ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി കുറിച്ചതിൻറെ ആഘോഷം ഗാലറിയിൽ തുടരുന്നതിനിടെ റൂട്ട് പുറത്തായതോടെയാണ് കളിയിൽ പ്രധാന വഴിത്തിരിവുണ്ടാകുന്നത്.
തുടർന്ന് പ്രതീക്ഷയുടെ എല്ലാ ഭാരങ്ങളുമായി ബാറ്റ് ചെയ്ത് ബട്‌ലറും ശതകം കുറിച്ചെങ്കിലും മുഹമ്മദ് അമീറിന് മുന്നിൽ കീഴടങ്ങി.
മോയിൻ അലിക്കും ക്രിസ് വോക്‌സിനും ഒന്നും പാക് ശൗര്യത്തിന് മുന്നിൽ മറുപടി ഇല്ലാതായതോടെ മിന്നും വിജയം പാക് പട പേരിലെഴുതി.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് ഇമാം ഉൾ ഹഖും ഫഖർ സമാനും ചേർന്ന് നൽകിയത്.
ഇമാം ഉൾ ഹഖ് ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോൾ ആക്രമണത്തിൻറെ ചുമതല ഫഖർ സമാൻ ആണ് ഏറ്റെടുത്തത്.
ഇരുവരും മുന്നേറിയതോടെ ആദ്യ വിക്കറ്റിനായി ഇംഗ്ലണ്ടിന് 14-ാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. മോയിൻ അലിയുടെ കുത്തിതിരിഞ്ഞ പന്തിൻറെ ഗതി മനസിലാവാതിരുന്ന ഫഖറിന് പന്ത് ഹിറ്റ് ചെയ്യാനായില്ല.
ശരവേഗത്തിൽ ബട്‌ലർ സ്റ്റംപ് ചെയ്തതോടെ പാക് ഓപ്പണിംഗ് ബാറ്റ്‌സ്മാൻറെ കഥ കഴിഞ്ഞു. പിന്നീടെത്തിയ ബാബർ അസം കളം നിറഞ്ഞെങ്കിലും പാക് സ്‌കോർ 111ൽ നിൽക്കെ ഇമാം ഉൾ ഹഖും മോയിൻ അലിക്ക് മുന്നിൽ വീണു.
ഇതോടെ പാക്കിസ്ഥാനെ വരിഞ്ഞ് മുറുക്കാമെന്നുള്ള പ്രതീക്ഷിച്ച ഇംഗ്ലണ്ടിന് മുന്നിൽ ബാബറും മുഹമ്മദ് ഹഫീസും പാറപോലെ ഉറച്ച് നിന്നു.
ഹഫീസിന് രണ്ട് തവണ ജേസൺ റോയ് ജീവൻ നൽകിയതോടെ സ്‌കോർ ബോർഡിൽ റൺസ് നിറഞ്ഞു. ഒരു സെഞ്ചുറി പോലും ഇല്ലാതെ തന്നെ പാക്കിസ്ഥാൻ മികച്ച് സ്‌കോർ നേടിയെടുക്കുകയായിരുന്നു.
ആദ്യ കളിയിൽ വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെട്ട പാക്കിസ്ഥാൻറെ മികച്ച തിരിച്ചുവരവിന് കൂടെ നോട്ടിംഗ്ഹാം സാക്ഷ്യം വഹിച്ചു.