ട്രെയിൻ യാത്രക്കിടെ കാണാതായ പെൺകുട്ടിയെ കണ്ടെത്തി, നന്ദി അറിയിച്ച് അച്ഛൻ

18

കൊച്ചി: കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ട്രെയിൻ യാത്രക്കിടെ കാണാതായ പെൺകുട്ടിയെ കണ്ടെത്തി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിഷ്ണുപ്രിയയെ കണ്ടെത്തിയത്.

വനിതാ ഹെൽപ്ലൈൻ കസ്റ്റഡിയിലാണ് പെൺകുട്ടിയിപ്പോൾ. മെയ് 31ന് വൈകീട്ട് കൊച്ചിയിൽ നിന്നും വയനാട് കാക്കവയലുള്ള വീട്ടിലേക്ക് തിരിച്ച വിഷ്ണുപ്രിയ വീട്ടിലെത്താത്തതിനെ തുടർന്ന് പിതാവ് ശിവജി വയനാട് മീനങ്ങാട് പൊലീസ് സ്റ്റേഷനിലും ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലും പരാതിയും നൽകിയിരുന്നു.

Advertisements

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വിഷ്ണുപ്രിയ ഇറങ്ങിയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് ശിവജി പൊലീസിനെ സമീപിച്ചത്.

മകളെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് ശിവജി ഫേസ്ബുക്കിലും കുറിപ്പിട്ടിരുന്നു. ശിവാജി പങ്കുവെച്ച കുറിപ്പ് സമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

നിരവധി പേർ പോസ്റ്റുകൾ ഷെയർ ചെയ്യുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്.

കുട്ടി എങ്ങനെ കൊല്ലത്തെത്തി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അതേസമയം, കാണാതായ മകളെ കണ്ടുകിട്ടിയെന്ന് അച്ഛൻ ശിവജി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ചടയമംഗലം പൊലീസ് സ്റ്റേഷനിൽ നിന്നാണ് മകൾ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന വാർത്ത അറിഞ്ഞതെന്ന് ശിവജി പറഞ്ഞു.

ചടയമംഗലം എസ്.ഐ പ്രദീപ് കുമാറിനും ശിവജി നന്ദിയറിയിച്ചിട്ടുണ്ട്. പോസ്റ്റ് ഷെയർ ചെയ്ത് സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നതായും ശിവജി കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

Advertisement