എക്കാലത്തും കുടുംബപ്രേക്ഷകരുടെ നായകനായിരുന്നു മെഗാ സ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിച്ചിത്രങ്ങൾക്ക് ഇരമ്പിയെത്തിയിരുന്നത് കുടുംബങ്ങളായിരുന്നു.
അവരെ പിണക്കിയ സിനിമകളൊന്നും മമ്മൂട്ടി ചെയ്തിട്ടില്ല. എന്തിന് ആക്ഷൻ ത്രില്ലറായ ദി കിംഗ് എന്ന സിനിമയിൽ പോലും കുടുംബബന്ധത്തിലെ ഇഴയടുപ്പവും ഇണക്കവും പിണക്കവുമെല്ലാം കടന്നുവരുന്നുണ്ട്.
അന്നത്തെക്കാലത്ത് 56 തിയേറ്ററുകളിലാണ് കിംഗ് പ്രദർശനത്തിനെത്തിയത്. പിന്നീട് ഓരോ ദിവസവും കൂടുതൽ തിയേറ്ററുകളിലേക്ക് പടർന്നുകയറി.
മലയാള സിനിമയ്ക്ക് അതുവരെയുണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞു.
ജോസഫ് അലക്‌സ് എന്ന നായക കഥാപാത്രത്തെ യുവാക്കളേക്കാൾ കൂടുതൽ നെഞ്ചിലേറ്റിയത് കുടുംബങ്ങളായിരുന്നു.
അവരുടെ സ്വന്തം കളക്ടറായി ജോസഫ് അലക്‌സ് മാറിയപ്പോൾ ബോക്‌സോഫീസ് കുലുങ്ങി.
ഹിറ്റ്ലർ എന്ന സിനിമ ഓർമ്മയുണ്ടോ? കുടുംബങ്ങൾ ആഘോഷമാക്കിയ മമ്മൂട്ടി സിനിമ. മാധവൻകുട്ടിയെന്ന വല്യേട്ടനെ അഞ്ച് പെങ്ങൻമാരേക്കാൾ കൂടുതൽ സ്‌നേഹിച്ചത് കേരളത്തിലെ സഹോദരിമാരായിരുന്നു.
39 പ്രധാന കേന്ദ്രങ്ങളിൽ 150 ദിവസം തുടർച്ചയായി റഗുലർ ഷോ പ്രദർശിപ്പിച്ച ഹിറ്റ്ലർ സിദ്ദിക്ക് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു.
59 ബി ക്ലാസ് തിയേറ്ററുകളിൽ 100 ദിവസം തകർത്തോടി ഹിറ്റ്ലർ.
മമ്മൂട്ടിയുടെ കണ്ണുനനഞ്ഞപ്പോഴും മനസിടറിയപ്പോഴും കേരളക്കര ഒന്നാകെ കരഞ്ഞുപോയത് ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന സിനിമ കണ്ടപ്പോഴായിരുന്നു.
27തിയേറ്ററുകളിൽ 100 ദിവസം റഗുലർ ഷോ കളിച്ച അപ്പൂസ് വൻ ഹിറ്റായി മാറി. ഫാസിൽ എന്ന ആ സംവിധായകന്റെ മാജിക്കിൽ കുടുംബപ്രേക്ഷകർ നെഞ്ചേറ്റിയ സിനിമയിൽ ഇളയരാജയുടെ മനോഹരമായ ഗാനങ്ങൾ ഉണ്ടായിരുന്നു.
ഈ ചിത്രങ്ങളെപ്പോലെ വ്യത്യസ്തവും കുടുംബങ്ങളിൽ ആഘോഷമാകുന്നതുമായ സിനിമകൾക്കായാണ് മമ്മൂട്ടി പ്രേക്ഷകർ കാത്തിരിക്കുന്നത്. ഈ വർഷം മമ്മൂട്ടി പ്ലാൻ ചെയ്യുന്നതും അത്തരം ചിത്രങ്ങൾ തന്നെ.